ആ വര്ത്തമാനം ഇനി വേണ്ട; ആധികാരിക വിജയം നേടി ജയന്റ് കില്ലറായി വി കെ ശ്രീകണ്ഠന്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് സിപിഐഎമ്മിലെ എം ബി രാജേഷിനെ 11,637 വോട്ടുകള്ക്ക് പരാജയപ്പെടുത്തിയാണ് വി കെ ശ്രീകണ്ഠന് വിജയിച്ചത്.

പാലക്കാട്: സിപിഐഎമ്മിനകത്തെ പടലപ്പിണക്കം കൊണ്ട് മാത്രം എംപിയായ നേതാവാണ് വി കെ ശ്രീകണ്ഠനെന്നാണ് രാഷ്ട്രീയ എതിരാളികള് വിശേഷിപ്പിച്ചിരുന്നത്. എന്നാല് അങ്ങനെയല്ലെന്നും ആ വര്ത്തമാനം ഇനി പറയരുതെന്ന് തന്റെ വിജയം കൊണ്ട് തന്റെ എതിരാളികളോട് പറഞ്ഞിരിക്കുകയാണ് വി കെ ശ്രീകണ്ഠന്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് സിപിഐഎമ്മിലെ എം ബി രാജേഷിനെ 11,637 വോട്ടുകള്ക്ക് പരാജയപ്പെടുത്തിയാണ് വി കെ ശ്രീകണ്ഠന് വിജയിച്ചത്. യുഡിഎഫ് 10000 വോട്ട് മാത്രം വോട്ട് ലീഡ് പ്രതീക്ഷിച്ചിരുന്ന മണ്ണാര്ക്കാട് മണ്ഡലത്തില് നിന്ന് 30000ത്തോളം വോട്ട് ലീഡ് വന്നത് കൊണ്ട് മാത്രമായിരുന്നു 11000 വോട്ടിന് ശ്രീകണ്ഠന് വിജയിച്ചത് എന്നായിരുന്നു എതിരാളികള് വാദിച്ചത്. മണ്ണാര്ക്കാട് നിന്ന് ഇത്രയും ലീഡ് വന്നത് സിപിഐഎമ്മിനകത്തെ വിഭാഗീയത കൊണ്ട് മാത്രമാണെന്നും അവര് പറഞ്ഞിരുന്നു. ആ വാദത്തെയാണ് ശ്രീകണ്ഠന് ഇന്നത്തെ വിജയം കൊണ്ട് തകര്ത്തിരിക്കുന്നത്.

75,000 വോട്ടിന്റെ ആധികാരിക വിജയമാണ് ശ്രീകണ്ഠന് പാലക്കാടിന്റെ മണ്ണില് നേടിയത്. കഴിഞ്ഞ തവണത്തെ പോലെ സിപിഐഎമ്മിനകത്തെ വിഭാഗീയതയുടെ ആനുകൂല്യമൊന്നുമില്ലാതെ എണ്ണം പറഞ്ഞ വിജയമാണ് ഇത്തവണ ശ്രീകണ്ഠന് നേടിയത്. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനെ തന്നെ തോല്പ്പിച്ച് ജയന്റ് കില്ലറായി തന്റെ പേര് കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് എഴുതിചേര്ക്കുകയാണ് ശ്രീകണ്ഠന്.

To advertise here,contact us