ഇ പി ജയരാജനുമായുള്ള ചര്ച്ച മുഖ്യവിഷയമാകും; ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്

തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളുടെ അവലോകനത്തിനായാണ് യോഗം ചേരുന്നത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളുടെ അവലോകനത്തിനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ദല്ലാള് നന്ദകുമാറുമായി ചേര്ന്ന് ഇ പി ജയരാജനെ പാര്ട്ടിയിലെത്തിയ്ക്കാന് നടന്ന നീക്കങ്ങള് മാധ്യമങ്ങളില് ചര്ച്ചയാക്കിയതില് സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ യോഗം ശാസിച്ചേക്കും, സംസ്ഥാന നേതൃത്വമറിയാതെ ഇ പി ജയരാജനെ നേരില്ക്കണ്ടതിനെ കുറിച്ച് പ്രകാശ് ജാവേദ്ക്കറും യോഗത്തില് വിശദീകരിക്കും. വിഭാഗീയത തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കോഴിക്കോട്, തൃശ്ശൂര്, ആലപ്പുഴ, ആറ്റിങ്ങല് തുടങ്ങിയ മണ്ഡലങ്ങളെ സംബന്ധിച്ച് യോഗം പ്രത്യേകം ചര്ച്ച ചെയ്യും. തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ നേതൃയോഗത്തില് സംഘടന ദൗര്ബല്യങ്ങള് ഉള്പ്പെടെ ഒട്ടേറെ വിവാദങ്ങള് ചര്ച്ചയാകും.

അഞ്ച് മണ്ഡലങ്ങളില് ജയം പ്രതീക്ഷിച്ചിറങ്ങിയ പാര്ട്ടി രണ്ടിടത്ത് ജയിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും വച്ചുപുലര്ത്തുന്നുണ്ട്, തിരുവനന്തപുരവും തൃശ്ശൂരും താമരവിരിയുമെന്നാണ് ജില്ലാ ഘടകങ്ങളുടെ കണക്ക്, എന്നാല്, തൃശൂരില് നേതാക്കള് തമ്മിലുള്ള ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പ് പ്രവര്ത്തനത്തെ ബാധിച്ചുവെന്ന പരാതി സ്ഥാനാര്ഥി സുരേഷ് ഗോപിക്കുണ്ട്.

മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്; 93 മണ്ഡലങ്ങളില് ഇന്ന് വിധിയെഴുത്ത്

ഇക്കാര്യം യോഗം വിശദമായി ചര്ച്ച ചെയ്യും. ആലപ്പുഴയില് മുരളീധര വിഭാഗം ശോഭയ്ക്കെതിരെ വിഭാഗീയ നീക്കങ്ങള് നടത്തിയെന്നും ആക്ഷേപമുണ്ട്, ആറ്റിങ്ങലില് കൃഷ്ണദാസ് പക്ഷത്തിന്റെ നിസ്സഹകരണവും തിരിച്ചടിയായി, കോഴിക്കോട് എം ടി രമേശിനെതിരെ ശക്തമായ വിഭാഗീയ പ്രവര്ത്തനം നടന്നതായി പരാതിയുണ്ട്, കോഴിക്കോട് പ്രാദേശിക തലത്തില് പോലും കോണ്ഗ്രസിനായി ബിജെപി നേതാക്കള് വോട്ടു മറിച്ചതായും ആക്ഷേപമുണ്ട്, 20 ശതമാനം വോട്ടു വിഹിതം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് ജില്ല ഘടകങ്ങളുടെ കണക്ക്.

To advertise here,contact us