കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം

ആന്തരികാവയവങ്ങൾക്ക് അണുബാധയേറ്റത് മൂലം യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്

കൊച്ചി: പനമ്പള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആന്തരികാവയവങ്ങൾക്ക് അണുബാധയേറ്റത് മൂലം യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ മൊഴി സംബന്ധിച്ചും യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനില്ലെന്നും കമ്മീഷണർ അറിയിച്ചു.

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി. കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കുഞ്ഞിന്റെ അമ്മ പൊലീസിന് നൽകിയ മൊഴി. ഗർഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്. യുവതി ഗർഭിണിയായത് ആൺസുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി. എന്നാൽ താൻ ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ധൈര്യമുണ്ടായില്ല. ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാൽ ഗർഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാൻ ആൺസുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല് കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. ഇന്നലെ പുലര്ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില് നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു, വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ലെന്നും യുവതി

To advertise here,contact us