ജെസ്ന തിരോധാനക്കേസ്; കേസ് ഡയറി ഹാജരാക്കി സിബിഐ

കേസ് ഡയറി ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ കേസ് ഡയറി ഹാജരാക്കി സിബിഐ. ഇത് വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് 8-ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസ് ഡയറി ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജെസ്നയുടെ പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചിരുന്നു.

മുദ്രവെച്ച കവറിലാണ് ഇവ സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്നും കാണിച്ച് നേരത്തെ സിബിഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാര്ച്ച് 22നാണ് കാണാതാകുന്നത്. ലോക്കല് പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.

To advertise here,contact us