മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായ സംഭവം,ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം

തിരുവനന്തപുരം: മേയർ- ഡ്രൈവർ തർക്കത്തെ തുടർന്ന് ബസ്സിനുള്ളിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി തമ്പാനൂർ പൊലീസ്. കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

സംഭവം നടന്നതിന് പിന്നാലെ മെമ്മറി കാർഡ് നീക്കം ചെയ്തു എന്നതാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ അത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ആയിരിക്കാം എന്ന സംശയത്തിലാണ് തമ്പാനൂർ പൊലീസ്. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലൂടെയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെയും ഇതിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

'രാജീവ് ഗാന്ധിക്ക് അനന്തരാവകാശമായി ലഭിച്ചത് സ്വത്തല്ല, രക്തസാക്ഷിത്വം'; മോദിക്ക് പ്രിയങ്കയുടെ മറുപടി

കൃത്യമായി അറിയുന്ന ഒരാളാണ് ഈ മെമ്മറി കാർഡ് അഴിച്ചു മാറ്റിയിട്ടുണ്ടാവുക എന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറൻസിക് സംഘം കെഎസ്ആർടിസി ബസ് പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുന്നുണ്ട് അന്വേഷണസംഘം. അതേസമയം മെമ്മറി കാർഡ് കാണാത്ത പശ്ചാത്തലത്തിൽ മേയർ കൊടുത്ത പരാതിയിൽ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോൺമെന്റ് പൊലീസ് ഉള്ളത്. അതിനിടെ യദു നൽകിയ പരാതിയിൽ ഇനിയെന്ത് തുടർനടപടി എന്നതും നിർണായകമാണ്. കൺന്റോൺമെന്റ് എസിപിയോട് ഡിസിപി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും കേസെടുക്കണമോ എന്ന കാര്യത്തിൽ തീരുമാനമാവുക.

To advertise here,contact us