'സുൽത്താൻ ബത്തേരി പേരു മാറ്റും, ഗണപതിവട്ടമാക്കും'; സുരേന്ദ്രന്റെ പരാമർശം വിവാദത്തിൽ,ഇന്ന് വിശദീകരണം

സുൽത്താൻ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും ചെയ്ത വ്യക്തിയാണ് ടിപ്പു സുൽത്താൻ എന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

കൊച്ചി: വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമാക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശം വിവാദത്തിലായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലം സ്ഥാനാർത്ഥിയാണ് സുരേന്ദ്രൻ. താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്ലബിക് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരമാർശം.

സുൽത്താൻ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുൽത്താൻ ബത്തേരി ആക്കി മാറ്റിയത്. സുൽത്താന്റെ ആയുധപ്പുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്. താൻ എംപിയായാൽ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ൽ പ്രമോദ് മഹാജൻ വയനാട് സന്ദർശിച്ച സമയത്ത് ഇക്കാര്യം താൻ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സുൽത്താൻ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും ചെയ്ത വ്യക്തിയാണ് ടിപ്പു സുൽത്താൻ എന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. വിഷയം ചർച്ചയായതോടെ വിശദീകരണത്തിനൊരുങ്ങുകയാണ് ബിജെപി. ഇന്ന് രാവിലെ കെ സുരേന്ദ്രൻ വാർത്താ സമ്മേളനം വിളിച്ചിട്ടുമുണ്ട്.

രാജ്കുമാർ ആനന്ദിന്റെ രാജി, ആം ആദ്മി പാർട്ടി ആശങ്കയിൽ; കൂടുതൽ നേതാക്കൾ രാജിവെക്കുമോ?

To advertise here,contact us