തൃശൂരിൽ ടിടിഇയെ കൊലപ്പെടുത്തിയ സംഭവം; പോസ്റ്റുമോർട്ടം ഇന്ന്, തെളിവെടുപ്പ് നടക്കും

ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

തൃശൂർ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റെയിൽവേ ടിക്കറ്റ് എക്സാമിനർ വിനോദിൻ്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക. പ്രതി രജനികാന്തയെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രാവിലെ ഒൻപത് മണിയോടെയാണ് പോസ്റ്റ്മോർട്ട നടപടികളിലേക്ക് കടക്കുക. ഏറ്റവും പ്രധാനപ്പെട്ട ഡോക്ടർമാരുടെ സംഘമായിരിക്കും പോസ്റ്റുമോർട്ടം നടത്തുക. തെളിവെടുപ്പുൾപ്പടെയുള്ള നടപടികൾ രാവിലെ തുടങ്ങും. കഴിഞ്ഞ ദിവസം തന്നെ പ്രതിയെ തൃശൂർ റെയിൽവെ പൊലീസിന്റെ ഓഫീസിൽ എത്തിച്ചിരുന്നു. നടപടികൾ പൂർത്തീകരിച്ച ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിൻ്റെ നീക്കം.

തൃശൂർ കുന്നംകുളത്തുള്ള ഒരു ഹോട്ടലിൽ തൊഴിലാളിയായിരുന്നു രജനികാന്ത എന്നാണ് വിവരം. തൃശൂരിൽ നിന്നായിരുന്നു രജനികാന്ത ട്രെയിൻ കയറിയത്. ട്രെയിൻ ഏകദേശം അഞ്ച്-ആറ് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് സംഭവത്തിന് തുടക്കം കുറിച്ചത്. പിന്നാലെ ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ടിടിമാരുടെ പ്രതിഷേധം കഴിഞ്ഞ ദിവസം രാത്രി തന്നെ ഉണ്ടായിരുന്നു. തുടർ സമരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയിലാണ് ടിടിഇ എക്സാമിനേഴ്സ്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് ആവശ്യം. കേരള പൊലീസും റെയിൽവേ പൊലീസും ആർപിഎഫും ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പൂർത്തീകരിച്ചത്.

മലയാള സിനിമയുടെ 'ടിടിഇ'ക്ക് ദാരുണാന്ത്യം

തൃശ്ശൂര് വെളപ്പായയിലാണ് ടിടിഇയെ ഇന്നലെ രാത്രി ട്രെയിനില് നിന്ന് തള്ളിയിട്ടു കൊന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില് അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് ടിടിഇ കെ വിനോദിനെ കൊലപ്പെടുത്തിയത്. ഒരു ടിടിഇ എന്നതിനപ്പുറം മലയാള സിനിമയുമായി ഏറെ ബന്ധമുള്ള വ്യക്തിയായിരുന്നു കെ വിനോദ്. മലയാള സിനിമയുടെ സ്വന്തം ടിടിഇ എന്നായിരുന്നു സിനിമാ മേഖലയിൽ വിനോദ് പൊതുവെ അറിയപ്പെട്ടിരുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് വിനോദ്. സ്കൂൾ കാലം മുതൽ അഭിനയത്തിൽ തത്പരനായിരുന്ന അദ്ദേഹം സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു. ആഷിഖ് അബു-മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റവും, മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായി.

തുടർന്ന് മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, രാജമ്മ @ യാഹൂ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, വിക്രമാദിത്യൻ, ഒപ്പം, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്. എറണാകുളത്തായിരുന്നു വിനോദിന്റെ സ്ഥിരതാമസം.

To advertise here,contact us