തിരുവനന്തപുരം: ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ മൂന്നുപേരും തമ്മിൽ മൽപ്പിടുത്തം ഉണ്ടായതിൻ്റെ ലക്ഷണങ്ങളില്ലെന്ന് അരുണാചൽ പൊലീസ്. ഇന്നലെ മുതൽ മൂവരെയും ഹോട്ടൽ മുറിക്ക് പുറത്ത് കണ്ടിരുന്നില്ല എന്ന് ഹോട്ടൽ അധികൃതർ അറിയിച്ചിരുന്നതായും പൊലീസ് അറിയിച്ചു. നവീനിന്റെ ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയായിരുന്നു മുറിയെടുക്കുന്നതിനായി ഹോട്ടലിൽ ഇവർ നൽകിയിരുന്നത്.
മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പികളുമുണ്ടായിരുന്നു. ബ്ലേഡ് ഞെരമ്പ് മുറിക്കാനുപയോഗിച്ചതാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 'ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല' എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. 'ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു' എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.
കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. അരുണാചൽ പ്രദേശിൻ്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവെയാണ് അരുണാചലിൽ ഇവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിവരം പുറത്ത് വരുന്നത്. മാര്ച്ച് മാസം 27-നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ആര്യ വീട്ടുകാരോടൊന്നും പറയാതെയാണ് ഇറങ്ങിപ്പോയത്. ആര്യയെ ഫോണില് ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാര്ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത് മാർച്ച് 17-നാണ്.
മാർച്ച് 28-നാണ് ഇവര് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മൂന്നുനാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര് പിതാവിനോട് പറഞ്ഞത്. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്ക് തിരിഞ്ഞു. ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവി പ്രമുഖ വൈല്ഡ് ലൈഫ് ഫോട്ടോഗ്രാഫര് ബാലന് മാധവന്റെ മകളാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
തൃശ്ശൂരില് ടിടിഇയെ ട്രെയിനില് നിന്ന് തള്ളിയിട്ട് കൊന്നു; പ്രതി കസ്റ്റഡിയില്