തലവേദനയായി മലപ്പുറം കോണ്ഗ്രസിലെ ഗ്രൂപ്പ് പോര്: വേഗത്തില് പരിഹാരം വേണമെന്ന് ലീഗ്

കോണ്ഗ്രസിലെ മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗ്രൂപ്പ് പോര് ഇപ്പോഴും തുടരുന്നതാണ് ലീഗിന് തലവേദനയായിരിക്കുന്നത്

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കിടയില് മുസ്ലിം ലീഗിന് തലവേദനയായി മലപ്പുറത്തെ കോണ്ഗ്രസിലെ ഗ്രൂപ്പ് പോര്. പ്രശ്നം വേഗത്തില് പരിഹരിക്കണം എന്നാവശ്യപ്പെട്ട് ലീഗ് കോണ്ഗ്രസ് നേതൃത്വത്തെ സമീപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സനോടും വിഷയത്തില് ഇടപെടണമെന്നാണ് ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്ഗ്രസിലെ മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗ്രൂപ്പ് പോര് ഇപ്പോഴും തുടരുന്നതാണ് ലീഗിന് തലവേദനയായിരിക്കുന്നത്. പ്രാദേശിക തലത്തിലെ യുഡിഎഫ് കണ്വെഷനുകളുടെ നടത്തിപ്പിനെ പോലും ഗ്രൂപ്പ് പോര് ബാധിക്കുന്നതായാണ് മുസ്ലിം ലീഗീന്റെ പരാതി. മലപ്പുറം, പൊന്നാനി പാര്ലമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങളെ കോണ്ഗ്രസിലെ ഗ്രൂപ്പ് പോര് ബാധിക്കുന്നുവെന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് കോണ്ഗ്രസ് നേതൃത്വത്തെ സമീപിച്ചത്.

മുന് മന്ത്രി എ പി അനില്കുമാറിന്റെയും ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും കെപിസിസി ജനറല് സെക്രട്ടറി ആര്യാടന് ഷൗക്കത്ത് വിഭാഗവും തമ്മില് പ്രശ്നം നിലനില്ക്കുന്ന ഇടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഗ്രൂപ്പ് പോര് ബാധിച്ചിട്ടുണ്ട്. ഇരു ഗ്രൂപ്പുകളേയും ഒരുമിച്ച് കൊണ്ടു പോകാന് കഴിയാത്തതാണ് പലയിടത്തും തലവേദനയാകുന്നത്. മംഗലം, വെട്ടം, മേലാറ്റൂര്, എടപ്പറ്റ, കീഴാറ്റൂര്, അങ്ങാടിപ്പുറം, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കാന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സനോടും ലീഗ് അഭ്യര്ത്ഥിച്ചിരിക്കുന്നത്.

ബൂത്ത് തലം മുതല് പ്രശ്നം പ്രകടമാണ്. ഒരു വിഭാഗത്തെ ഒപ്പം നിര്ത്തുമ്പോള് മറു വിഭാഗം നിസ്സഹരിക്കുകയാണെന്ന് ലീഗ് നേതാക്കള് പറയുന്നു. പണക്കാടെത്തിയ കെ സുധാകരനോട് ഇക്കാര്യം പി കെ കുഞ്ഞാലിക്കുട്ടിയും സൂചിപ്പിച്ചിരുന്നു. വിഭാഗീയ പ്രവര്ത്തനങ്ങള് അവസാനിപ്പിക്കണമെന്ന കര്ശന നിര്ദേശം ജില്ലയിലെ നേതാക്കള്ക്ക് നല്കിയതായാണ് വിവരം. കോണ്ഗ്രസിലെ ഗ്രുപ്പ് തര്ക്കങ്ങളില് അതൃപ്തി ഉണ്ടെങ്കിലും പരസ്യ പ്രതികരണങ്ങള് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ലീഗിന്റെ നിലപാട്. ലീഗ് ജില്ലാ കമ്മറ്റിയുടെ ഇടപെടലിലും പ്രശ്ന പരിഹാരമായില്ലെങ്കില് സംസ്ഥാന നേതൃത്വം ഇടപെടാനാണ് സാധ്യത. ജില്ലാ കോണ്ഗ്രസ് തര്ക്കങ്ങളില് നേരത്തെ അതൃപ്തി പരസ്യമാക്കിയ ലീഗിനെ കെ സുധാകരനും, വി ഡി സതീശനും പാണക്കാട് നേരിട്ട് എത്തിയായിരുന്നു അനുനയിപ്പിച്ചത്.

സ്വന്തമായി വീടോ വാഹനമോ ഇല്ല; എം കെ രാഘവന്റെ കൈവശമുള്ളത് 18,000 രൂപയും 24 ഗ്രാം സ്വർണവും

To advertise here,contact us