വെട്ടുകത്തിയുമായെത്തി ജഡ്ജിയുടെ ചേംബറിൽ കയറാൻ ശ്രമം, തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി പ്രതി

കൂടുതൽ പൊലീസ് എത്തി രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു

കോട്ടയം: ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപരുക്കേൽപ്പിച്ചു. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയാണ് സംഭവം. ആക്രമണം നടത്തിയ കാരപ്പുഴ സ്വദേശി രമേശനെ അറസ്റ്റ് ചെയ്തു. ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ക്രിമിനൽ കേസിൽ പ്രതിയായിരുന്ന രമേശൻ കേസ് രേഖകൾ ആവശ്യപ്പെട്ടാണ് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി. പിന്നീട് ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി.

വൈകിട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളികയറാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയനാണ് വെട്ടേറ്റത്. കൂടുതൽ പൊലീസ് എത്തി രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജയൻ്റെ പരിക്ക് ഗുരുതരമല്ല.

To advertise here,contact us