ലീഗുമായി കോൺഗ്രസിന് നല്ല ബന്ധം; അതാണ് യുഡിഎഫിൻ്റെ കരുത്ത്: കെ സുധാകരൻ

സംസ്ഥാന സർക്കാരിനെതിരെ ജനാഭിപ്രായം ശക്തമാണെന്ന് കെ സുധാകരൻ പറഞ്ഞു

കോഴിക്കോട്: ലീഗുമായി കോൺഗ്രസിന് നല്ല ബന്ധമാണെന്ന് കണ്ണൂര് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്ത്ഥി കെ സുധാകരൻ. അതാണ് യുഡിഎഫിൻ്റെ കരുത്തെന്നും സുധാകരൻ വ്യക്തമാക്കി. മകളെ രക്ഷിക്കാൻ ശ്രമിച്ച സർക്കാർ തലവൻ ഇപ്പോൾ തല താഴ്ത്തി പൂഴ്ത്തി കിടക്കുന്നുവെന്നും മുഖ്യമന്ത്രിയെ കെ സുധാകരൻ പരിഹസിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായും, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായി പാണക്കാട് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടിയുടെ ഭാഗമായാണ് വീണക്കെതിരായ കേസ് എന്ന് കരുതുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില് പിണറായി എന്നേ അകത്തുപോയേനെയെന്ന് സുധാകരൻ പറഞ്ഞു. എത്ര കേസുകളുണ്ട് ഇ ഡിക്കു അന്വേഷിക്കാൻ, അതെന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.

സംസ്ഥാന സർക്കാരിനെതിരെ ജനാഭിപ്രായം ശക്തമാണ്. യൂഡിഎഫിന് തിരഞ്ഞെടുപ്പിൽ ആശങ്കയില്ല. കോൺഗ്രസിൻ്റെ പണം തടഞ്ഞുവെക്കുകയാണ് കേന്ദ്രം. ബിജെപിയെ പോലെ ഇത്ര നെറികെട്ട ജനാധിത്യ വിരുദ്ധ നടപടി ഒരു പാർട്ടിയും നടത്തില്ല. ഇത്ര തറയാകരുത് ഭരണകൂടമെന്നും സുധാകരൻ വിമർശിച്ചു.

തെറ്റായ വഴിക്ക് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബുദ്ധിക്കേ ഇത്തരം നടപടികൾ സാധ്യമാകൂ. കേരളത്തിൽ നാട്ടുകാരെ സമീപിച്ചു പണം കണ്ടെത്തും. കേരളത്തിൽ ബി ജെ പിക്കു കാര്യമായി സ്വാധീനമുള്ള മണ്ഡലം ഇല്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ കൊണ്ടു പോയി കളയുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

To advertise here,contact us