ചിരിക്കുന്ന സ്ഥാനാർത്ഥികളുടെ മുഖമില്ല; ബോർഡുകളിൽ കേരളം ചർച്ച ചെയ്യുന്ന സമകാലിക വിഷയങ്ങൾ

വേറിട്ട പ്രചാരണ തന്ത്രത്തിലൂടെ വോട്ടർമാരുടെ ശ്രദ്ധയാകാർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ ചിരിക്കുന്ന സ്ഥാനാർത്ഥികളുടെ മുഖമില്ല, മറിച്ച് കേരളം ഇന്ന് ചർച്ച ചെയ്യുന്ന സമകാലിക വിഷയങ്ങൾ. കോഴിക്കോട് ആഴ്ചവട്ടത്തെ എൽഡിഎഫ് പ്രവർത്തകരാണ് സ്ഥാനാർത്ഥിയുടെ മുഖമില്ലാതെ പ്രചാരണ ബോർഡുകൾ തയ്യാറാക്കി വോട്ട് പിടിക്കാനിറങ്ങിയിരിക്കുന്നത്. കലാകാരനായ പരാഗ് പന്തീരാങ്കാവിൻ്റെ സഹായത്തോടെയാണ് പ്രചാരണ ബോർഡുകളുടെ നിർമാണം.

കേരളം ഇന്ന് ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി പ്രശ്നം, ഇലക്ട്രൽ ബോണ്ട്, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണ ബോർഡുകളിൽ നിറഞ്ഞ് നിൽക്കുന്നത്. വേറിട്ട പ്രചാരണ തന്ത്രത്തിലൂടെ വോട്ടർമാരുടെ ശ്രദ്ധയാകാർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഫ്ലക്സ് ഉപയോഗം ബുത്തിൽ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ആശയം എഴുതി ബോർഡിൽ വെക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വ്യത്യസ്തമായ രാഷ്ട്രീയം പറയുന്ന ബോർഡുകളായിരിക്കണമെന്നായിരുന്നു ആവശ്യം. ഓരോ ബോർഡിലും രാഷ്ട്രീയമുണ്ടെന്നും ഡിവൈഎഫ്ഐ നേതാവ് മിഥുൻലാൽ പറഞ്ഞു.

എളമരം കരീമിൻ്റെ പ്രചാരണ ബോർഡുകൾ പൂർത്തിയാക്കി പരാഗ് കാസർകോടേക്ക് വണ്ടി കയറും. യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താനുവേണ്ടി പ്രചാരണ ബോർഡുകൾ തയ്യാറാക്കുകയാണ് ലക്ഷ്യം.

To advertise here,contact us