മോഹിനിയാട്ടത്തിലെ സൗന്ദര്യം നർത്തനത്തിന്റെ ഭംഗി, കലയിലെ അറിവാണ് കലാകാരന്റെ സൗന്ദര്യം: നീനാ പ്രസാദ്

കലയുടെ ഭംഗി അനുവാചകനിലേക്ക് അതേപടി പകർത്താൻ കഴിയുന്നവരാണ് യഥാർത്ഥ കലാകാരന്മാർ. അവിടെ സൗന്ദര്യത്തിന്റെ അളവുകോൽ മറ്റൊന്നുമല്ലെന്നും നീനാ പ്രസാദ് പ്രതികരിച്ചു.

1 min read|21 Mar 2024, 12:23 pm

കൊച്ചി: മോഹിനിയാട്ടത്തിലെ സൗന്ദര്യം നർത്തനത്തിന്റെ ഭംഗിയാണെന്ന് പ്രശസ്ത മോഹിനിയാട്ടം നർത്തകി നീനാ പ്രസാദ്. കലയുടെ ഭംഗി അനുവാചകനിലേക്ക് അതേപടി പകർത്താൻ കഴിയുന്നവരാണ് യഥാർത്ഥ കലാകാരന്മാർ. അവിടെ സൗന്ദര്യത്തിന്റെ അളവുകോൽ മറ്റൊന്നുമല്ലെന്നും നീനാ പ്രസാദ് പ്രതികരിച്ചു. മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടതെന്നും പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് അവർ സൗന്ദര്യമുള്ളവരായിരിക്കണം എന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു നീനാ പ്രസാദ്.

'കലയ്ക്ക്, കലാകാരന് അല്ലെങ്കിൽ കലാകാരി പകരുന്ന ഒരു സൗന്ദര്യമുണ്ട്. അതാണ് യാഥാർത്ഥത്തിലുള്ളത്. കലാകാരന്റെ പ്രതിഭയും ആ കലയിലുള്ള അവഗാഹവും അനുഭവവുമെല്ലാം ചേർന്നുവരുന്നതാണ് ആ സൗന്ദര്യം. അനുവാചകരുടെ കണ്ണിലേക്ക് ആ സൗന്ദര്യമാണ് എത്തുന്നത്. ഒരുപാട് നർത്തകരുണ്ട്, സോ കോൾഡ് സൗന്ദര്യത്തിന്റെ പരിധിക്ക് പുറത്തുനിൽക്കുന്നവർ. പക്ഷേ, അവരൊക്കെ വേദിയിലും അനുവാചകഹൃദയങ്ങളിലും നേടിയിട്ടുള്ള സ്ഥാനം എത്രയോ വലുതാണ്. അലമേർ വള്ളി, ബാലസരസ്വതി ഒക്കെ ഉദാഹരണങ്ങളാണ്. പുരുഷന്മാർ എന്നൊരു വേർതിരിവ് വേണ്ടല്ലോ. കല എല്ലാവർക്കുമുള്ളതല്ലേ. ഈ നർത്തകരൊക്കെ വേദിയിൽ നിൽക്കുമ്പോൾ കലയുടെ സൗന്ദര്യം അവരുടെ ഉടലിലൂടെ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. അതാണ് സൗന്ദര്യം'. നീനാ പ്രസാദ് റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചു.

ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ചെന്നൈയിലുള്ള നീനാ പ്രസാദ് പറഞ്ഞു. അതേസമയം, വിവാദത്തിൽ പ്രതികരണം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് നീനാ പ്രസാദിന്റെയും മേതിൽ ദേവികയുടെയും സർട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്ന് സത്യഭാമ പറഞ്ഞു. അവരൊക്കെ പ്രശസ്ത മോഹിനിയാട്ടം നർത്തകരല്ലേ, അവർക്കൊന്നും ഇത്തരത്തിലുള്ള അഭിപ്രായം ഇല്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു സത്യഭാമയുടെ അധിക്ഷേപം. അവരൊക്കെ ആരാണ്, നീനാ പ്രസാദ് എവിടെ നിന്നാണ് മോഹിനിയാട്ടത്തിൽ ഡിപ്ലോമ നേടിയത് എന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.

To advertise here,contact us