വിവാഹ വേദിയിലെ പൗരത്വ സമരം: സമര പോരാളിയെ കണ്ട് ഉണ്ണിത്താൻ

പൗരത്വഭേദഗതി നിയമത്തിനെതിരെ തുടര്ന്നും സമരത്തിൽ മുന്നിലുണ്ടാവുമെന്ന് രാജ്മോഹന് ഉണ്ണിത്താൻ എംപി പറഞ്ഞു

കാഞ്ഞങ്ങാട്: പൗരത്വ ബില്ലിനെതിരെ പാർലിമെൻ്റിൽ ശക്തമായി പ്രതിഷേധിക്കുകയും സസ്പെൻഷനിലാവുകയും ചെയ്ത രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ അഭിനന്ദിച്ച് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവ സമരനായിക. കാഞ്ഞങ്ങാട് കൊവ്വൽപള്ളി സ്വാദേശിനി റുഫൈദയായിരുന്നു ആ സമരനായിക. തിരക്കിട്ട പ്രചരണച്ചൂടിൽ കാഞ്ഞങ്ങാട് ടൗണിൽ വെച്ച് യാദൃശ്ചികമായാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ എംപി സമര നായികയെ കണ്ട് മുട്ടിയത്. 2020 ജനുവരിയിൽ നടന്ന വിവാഹ വേദിയിൽ വരനും പയ്യന്നൂർ തായിനേരി സ്വദേശിയുമായ മുഹമ്മദ് ശമീമിനുമൊപ്പം പ്ലെക്കാട് ഉയർത്തിയും ബാനർ പ്രദർശിപ്പിച്ചുമാണ് വിവാഹവേദിയിൽ റുഫൈദയും ശമീമും പൗരത്വഭേതഗതി ബില്ലിനെതിരെ പ്രതിഷേധ സമരം നടത്തിയത്.

തൻ്റെ മൊബൈലിൽ സൂക്ഷിച്ച പ്രതിഷേധ ഫോട്ടോയിൽ അന്ന് വിവാഹ വേദിയിൽ പിന്തുണയുമായെത്തിയ രാജ്മോഹൻ ഉണ്ണിത്താനും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി യുവതിയെ വീണ്ടും കണ്ടുമുട്ടിയത്.

വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചും പൗരത്വ നിയമത്തിൻ്റെ പുതിയ നീക്കത്തെ ചർച്ച ചെയ്തുമാണ് പര്യടനത്തിരക്കിനിടയിലും അവർ പിരിഞ്ഞത്. പൗരത്വഭേതഗതി നിയമത്തിനെതിരെ തുടര്ന്നും സമരത്തിൽ മുന്നിലുണ്ടാവുമെന്ന് രാജ്മോഹന് ഉണ്ണിത്താൻ എംപി പറഞ്ഞു.

To advertise here,contact us