ഇകഴ്ത്തിയ നാവു കൊണ്ട് തൃശ്ശൂരിൽ പത്മജയ്ക്ക് പുകഴ്ത്തേണ്ടി വരുമോ?; വടകരയില് മുരളിക്കെതിരെ എത്തുമോ?

ഒരു ജില്ലയില് ഒതുങ്ങാതെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി പത്മജ സജീവമാകുമെന്ന് മാത്രമല്ല, രാഷ്ട്രീയ കൗതുകങ്ങള് ഏറെയുണ്ട്.

2 min read|07 Mar 2024, 11:45 pm

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ മുതിര്ന്ന നേതാവ് കരുണാകരന്റെ മകളെ പാര്ട്ടിയിലെത്തിച്ചത് ഗുണകരമാവുമെന്നാണ് ബിജെപി വിലയിരുത്തല്. ബിജെപി പ്രവേശനത്തിന് ശേഷം നാളെ തിരുവനന്തപുരത്ത് എത്തുന്ന പത്മജയെ ചാലക്കുടി മണ്ഡലത്തില് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും കേരളത്തിലുടനീളം 'മുഖ്യപ്രചാരക' ചുമതല നല്കാനാവും പാര്ട്ടിക്ക് താല്പര്യം. അങ്ങനെയെങ്കില് ഒരു ജില്ലയില് ഒതുങ്ങാതെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി പത്മജ സജീവമാകുമെന്ന് മാത്രമല്ല, അതിൽ ഒരുപാട് രാഷ്ട്രീയ കൗതുകങ്ങളും ബാക്കിയാവും.

പത്മ പ്രചാരണത്തിനെത്തിയാൽ ഏറ്റവും കൗതുക നിറയുന്ന മണ്ഡലമാകുക ബിജെപിയുടെ എ ക്ലാസ് പ്രതീക്ഷയായ തൃശൂരിലാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില് ത്രികോണ മത്സരം നടന്ന തൃശൂരില് പത്മജയുടെ എതിരാളിയായിരുന്ന സുരേഷ് ഗോപി. അന്ന് സിപിഐ സ്ഥാനാര്ത്ഥിയായിരുന്ന പി ബാലചന്ദ്രന് വിജയിച്ചത് വെറും 946 വോട്ടിനായിരുന്നു. 44,263 വോട്ട് സിപിഐ നേടിയപ്പോള് പത്മജ വേണുഗോപാലിന്റെ പെട്ടിയിലായത് 43,317 വോട്ടാണ്. ബിജെപി സ്ഥാനാര്ത്ഥിയായ സുരേഷ് ഗോപി 40,557 വോട്ടും നേടി. നിഷ്പ്രയാസം ജയിക്കാമായിരുന്നിട്ടും സ്വന്തം നേതാക്കള് കാലുവാരിയെന്നാണ് പത്മജയുടെ ആരോപണം. സീറ്റ് തന്ന പാര്ട്ടി തന്നെ തോല്പ്പിക്കാന് നോക്കിയതില് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടും പരാതി ചവറ്റുകൊട്ടയില് പോയെന്നും പത്മജ വിമര്ശിക്കുന്നുണ്ട്. ഇതേ മണ്ഡലത്തില് തന്റെ പഴയ എതിരാളിക്ക് വോട്ട് തേടി പത്മജ കളത്തിലിറങ്ങുമോയെന്നതാണ് കൗതുകം.

അന്ന് സുരേഷ് ഗോപിക്കെതിരെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് പത്മജ ആരോപണം ഉയര്ത്തിയിരുന്നു. സുരേഷ് ഗോപിയുടെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായിരുന്ന പത്മജ ആവശ്യപ്പെട്ടത്. സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരില് പ്രചാരണത്തിന് വന്നിറങ്ങിയത്. അതില് പൈസ കടത്തിയിരുന്നോയെന്ന് സംശയമുണ്ടെന്നായിരുന്നു പത്മജയുടെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ഹെലികോപ്റ്ററില് പണം കടത്തിയെന്ന ആരോപണത്തോട് ചേര്ത്തായിരുന്നു ഇത്. ഇതേ പത്മജ സുരേഷ് ഗോപിക്ക് വേണ്ടി തൃശൂരിലിറങ്ങും.

സംഭവത്തില് സുരേഷ് ഗോപിക്ക് ഇപ്പോഴും പരിഭവമാണോയെന്ന് തോന്നും അദ്ദേഹത്തിന്റെ പ്രതികരണം കേള്ക്കുമ്പോള്. തൃശൂരില് പ്രചാരണം ഗംഭീരമെന്നാണ് ബിജെപി സ്ഥാനാര്ത്ഥി സുരേഷ് ഗോപി പ്രതികരിച്ചത്. പക്ഷെ മാധ്യമപ്രവര്ത്തകരുടെ ചോദ്യം ഇതായിരുന്നില്ല. കോണ്ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗമായിരുന്ന പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടുള്ള പ്രതികരണം തേടുകയായിരുന്നു. 'എന്നെക്കുറിച്ചും എന്റെ പ്രചാരണത്തെക്കുറിച്ചും ചോദിക്കൂ. അത് മാത്രമെ ചോദിക്കാവൂ' എന്നായിരുന്നു ലീഡറുടെ മകളുടെ ബിജെപി പ്രവേശത്തോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

മറ്റൊന്ന് വടകരയാണ്. സഹോദരനും എംപിയുമായ കെ മുരളീധരനാണ് വടകരയിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി. ബിജെപി പ്രവേശത്തിന് ശേഷം പത്മജയെ പൂര്ണ്ണമായി തള്ളിയ കെ മുരളീധരന് ഇതിലൂടെ നിലം ഉറപ്പിക്കുകയാണ്. വടകരയില് പ്രധാന മത്സരം എല്ഡിഎഫും യുഡിഎഫും തമ്മിലാണെങ്കിലും ബിജെപി സ്ഥാനാര്ത്ഥി പ്രഫുല് കൃഷ്ണയ്ക്കായി പത്മജയെ പ്രചാരണത്തിലെത്തിക്കാന് ബിജെപി ശ്രമിക്കും. പാർട്ടിക്ക് രാഷ്ട്രീയഅടിത്തറയില്ലെങ്കില് കൂടി വൈകാരിക മുതലെടുപ്പാവും ലക്ഷ്യം.

മറ്റൊന്ന് പത്തനംതിട്ടയാണ്. എ കെ ആന്റണിയുടെ മകനും കോണ്ഗ്രസിന്റെ സോഷ്യല്മീഡിയ കോര്ഡിനേറ്ററുമായിരുന്നു അനില് ആന്റണിയുടെ ബിജെപി പ്രവേശനത്തെ രൂക്ഷഭാഷയില് വിമര്ശിച്ചയാളാണ് പത്മജ വേണുഗോപാല്. 'കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവര് ജനിച്ചത് മുതല് വിശ്വസിക്കുന്നതും കാണുന്നതും കോണ്ഗ്രസിന്റെ രാഷ്ട്രീയമാണ്. കുഞ്ഞുനാള് മുതല് അച്ഛനും അമ്മയും പറഞ്ഞു തന്നതും ഞങ്ങള് കണ്ടതും എല്ലാം കോണ്ഗ്രസ് നേതാക്കളുടെ ത്യാഗത്തിന്റെ കഥകളാണ്. അങ്ങിനെ വളര്ന്ന ഒരാള് എന്ത് കൊണ്ട് ഈ പാര്ട്ടി വിട്ടു പോയി എന്നത് വളരെ ആഴത്തില് ആലോചിക്കേണ്ട കാര്യമാണ്. പ്രശ്നങ്ങള് ഉണ്ടെങ്കില് തുടക്കത്തിലേ പറഞ്ഞു തീര്ക്കണം.' എന്നായിരുന്നു അന്ന് പത്മജ പറഞ്ഞത്. ഇതേ പത്മജ പിതാവിൻ്റെ പാരമ്പര്യവും പാർട്ടിയോടുള്ള കൂറും തള്ളിപ്പറഞ്ഞ് ബിജെപിയില് എത്തുമ്പോള്, പത്തനംതിട്ട സ്ഥാനാര്ത്ഥിയായ അനില് ആന്റണിക്കായും വോട്ട് തേടേണ്ടി വരും.

To advertise here,contact us