മാത്യു കുഴല്നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം; 'അന്വേഷണവുമായി സഹകരിക്കണം'

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

കൊച്ചി: ആശുപത്രിയില് നിന്നും മൃതദേഹം കടത്തിയെന്ന കേസില് മാത്യു കുഴല്നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്ദേശമുണ്ട്. അരങ്ങേറിയത് അതിരുവിട്ട രാഷ്ട്രീയപ്രതിഷേധമെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യപ്രവര്ത്തകരുടെ ജോലി തടസപ്പെട്ടു. കര്ശന ഉപാധികളോടെയാണ് ജാമ്യം നല്കുന്നതെന്നും കോടതി വ്യക്തമാക്കി.

വ്യവസ്ഥകള് ലംഘിച്ചാല് ജാമ്യം റദ്ദാക്കാന് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ സമീപിക്കാം. പ്രതികള് സംസ്ഥാനം വിട്ട് പോകരുതെന്നും നിബന്ധനയുണ്ട്. കോണ്ഗ്രസ് പ്രവര്ത്തകര് 50,000 രൂപയുടെ ആള്ജാമ്യം നല്കണം. കാട്ടാന ആക്രമണത്തില് വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെ കോതമംഗലത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് കേസ്. കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നാട്ടുകാരും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതിഷേധം വാക്കേറ്റത്തില് കലാശിച്ചിരുന്നു.

കോണ്ഗ്രസ് നേതാക്കള് മോര്ച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോയെന്നായിരുന്നു പൊലീസ് റിപ്പോര്ട്ടില് പറഞ്ഞിരുന്നത്. പ്രതികള് മൃതദേഹത്തോട് അനാദരവ് കാട്ടി. എതിര്ത്ത ആരോഗ്യ പ്രവര്ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതായും റിപ്പോര്ട്ടിലുണ്ടായിരുന്നു.

To advertise here,contact us