'കേരളത്തിൽ അരാജകമായ അവസ്ഥ, ക്യാമ്പസുകളിൽ സമ്പൂർണ്ണ ഫാസിസം'; സി പി ജോൺ

വിദ്യാർത്ഥികളെ കെട്ടിയിട്ട് തല്ലികൊല്ലുന്നു. അപ്പോഴും മുഖ്യമന്ത്രിക്ക് പ്രശ്നം ക്ലിഫ് ഹൗസിലെ മരപ്പട്ടിയാണെന്ന് സി പി ജോൺ വിമർശിച്ചു

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികരിച്ച് സിഎംപി നേതാവ് സി പി ജോൺ. കേരളത്തിൽ അരാജകമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളിൽ സമ്പൂർണ്ണ ഫാസിസമാണ് നടക്കുന്നത്. വിദ്യാർത്ഥികളെ കെട്ടിയിട്ട് തല്ലികൊല്ലുന്നു. അപ്പോഴും മുഖ്യമന്ത്രിക്ക് പ്രശ്നം ക്ലിഫ് ഹൗസിലെ മരപ്പട്ടിയാണെന്ന് സി പി ജോൺ വിമർശിച്ചു.

സിദ്ധാർഥൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് സി പിജോൺ ആവശ്യപ്പെട്ടു. കേസ് സിറ്റിംഗ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണം. പൊലീസ് അന്വേഷണത്തിൽ സത്യം പുറത്ത് വരില്ലെന്നും സി പി ജോൺ പറഞ്ഞു.

'ഡീനിൻ്റെ വീട്ടിലേക്ക് പോകും. പിണറായി വിജയൻ സെക്യൂരിറ്റി സർവീസാണോ എന്ന് നോക്കാം. തടയാൻ പറ്റുമെങ്കിൽ തടയട്ടെ. ഡീനിനെ ഇറങ്ങി നടക്കാൻ സമ്മതിക്കില്ല. സിപിഐ വകുപ്പാണ് വെറ്ററിനറി സർവകലാശാലയിൽ നടന്നത്. ബിനോയ് വിശ്വം എവിടെയാണ് സിപിഐ അഭിപ്രായം വ്യക്തമാക്കണം', സി പി ജോൺ പറഞ്ഞു.

സി കെ ശശീന്ദ്രൻ മജിസ്ട്രേറ്റിന് മുന്നിൽ പോയത് പിണറായി പറഞ്ഞിട്ടാണ്. സിദ്ധാർഥൻ്റെ മരണത്തിൽ പ്രതിപക്ഷം കൂടുതൽ ശക്തമായി പ്രതിഷേധിക്കണമെന്നും സി പി ജോൺ അഭിപ്രായപ്പെട്ടു. വേണ്ടത്ര ഗൗരവത്തിൽ പ്രതിഷേധം ഉണ്ടായില്ല. ഹർത്താൽ നടക്കണം എന്നാണ് സിഎംപി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്യു വിദ്യാഭ്യാസ ബന്ദ് ഇന്ന്; പരീക്ഷകളെ ബാധിക്കില്ലെന്ന് അലോഷ്യസ് സേവ്യർ

അതേസമയം കെഎസ്യു സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. സിദ്ധാർത്ഥനെ കൊന്നത് എസ്എഫ്ഐ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎസ്യു മാർച്ചിൽ ഉന്നയിച്ചത്.

To advertise here,contact us