'ജാഗ്രതകുറവിന് വലിയ വില നല്കേണ്ടി വരും'; നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

പുതിയ കാലഘട്ടമാണെന്ന് മനസ്സിലാക്കാത്തവർ സ്റ്റേജില് താമസമാക്കിയും മൈക്കിന് മുന്നില് കിടന്നുറങ്ങിയും അഭ്യാസം തുടര്ന്നുകൊണ്ടേയിരിക്കുമെന്നും പരിഹാസം

മലപ്പുറം: കോണ്ഗ്രസ് സമരാഗ്നി വേദിയിലെ ദേശീയ ഗാന വിവാദത്തില് കോണ്ഗ്രസ് നേതാക്കളെ വിമര്ശിച്ച് മലപ്പുറം യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്. സമൂഹ മാധ്യമങ്ങള് അരങ്ങ് വാഴുന്ന പുതിയ രാഷ്ട്രീയാന്തരീക്ഷത്തില് ജാഗ്രതകുറവിന് വലിയ വില നല്കേണ്ടി വരുമെന്ന് ഹാരിസ് മുദൂര് ഫേസ്ബുക്കില് കുറിച്ചു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയില് കോണ്ഗ്രസ് നേതാവ് പാലോട് രവി ദേശീയ ഗാനം തെറ്റിച്ച് പാടിയത് വിവാദമായിരുന്നു.

'ശ്രീനിവാസന് പറയുന്നത് പോലെ എൻ്റെ തല എന്റെ ഫുള് ഫിഗര് കാലമൊക്കെ കാറ്റില് പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്.' എന്നും ഹാരിസ് രൂക്ഷമായി വിമര്ശിച്ചു. പുതിയ കാലഘട്ടമാണെന്ന് മനസ്സിലാക്കി അതനുസരിച്ചുള്ള പാകപ്പെടുത്തലുകള് നേതൃത്വം സ്വീകരിക്കേണ്ടതുണ്ടെന്നും ഹാരിസ് ചൂണ്ടികാട്ടി. അല്ലാത്തവര് സ്റ്റേജില് താമസമാക്കിയും മൈക്കിന് മുന്നില് കിടന്നുറങ്ങിയും അഭ്യാസം തുടര്ന്നുകൊണ്ടേയിരിക്കും എന്ന പരിഹാസത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം-

നേതൃത്വം എന്നത് ഒരുപാട് ചേരുവകള്

അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസ്സിലാക്കി അതിനനസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവര് സ്വീകരിക്കേണ്ടതുണ്ട്.

സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തില് പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങള് അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തില് ജാഗ്രതകുറവിന് വലിയ വിലയാണ് നല്കേണ്ടിവരുന്നത്.

ശ്രീനിവാസന് പറയുന്നത് പോലെ എന്െ തല എന്െ ഫിഗര് കാലമൊക്കെ കാറ്റില് പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്.

ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാന് കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം.

അല്ലാത്തവര് സ്റ്റേജില് താമസമാക്കിയും മൈക്കിന് മുന്നില് കിടന്നുറങ്ങിയും അഭ്യാസം തുടര്ന്നുകൊണ്ടേയിരിക്കും.

പറയാതെ വയ്യ.

വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമാപനചടങ്ങിലായിരുന്നു വിവാദമായ സംഭവം. പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടുകയായിരുന്നു. പിന്നാലെ പാടല്ലേ, സി ഡി ഇടാമെന്ന് ടി സിദ്ധിഖ് എംഎല്എയും പറഞ്ഞു. ഒടുവില് വനിതാ നേതാവ് ആലിപ്പറ്റ ജമീലയാണ് ദേശീയഗാനം ആലപിച്ചത്.

To advertise here,contact us