കണ്ണൂര്: തുടര്ച്ചയായി രണ്ടാം തവണയും നിയമസഭ തിരഞ്ഞെടുപ്പില് പരാജയപ്പെട്ടതോടെയാണ് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി കെ സുധാകരനെ നിയമിക്കുന്നത്. പ്രതിപക്ഷ നേതാവായി വി ഡി സതീശനെയും തിരഞ്ഞെടുത്തു. തുടര്ച്ചയായ രണ്ട് തോല്വികള് അഭിമുഖീകരിക്കേണ്ടി വന്നാല് നേതാക്കള് പാര്ട്ടി വിടുന്നത് കോണ്ഗ്രസില് ഒരു സ്ഥിരം കാഴ്ചയായി അടുത്ത കാലത്ത് മാറിയിട്ടുണ്ട്. എന്നാല് കേരളത്തില് അങ്ങനെയുണ്ടായില്ല. അതിന് കാരണം വളരെ പെട്ടെന്ന് സംസ്ഥാന അദ്ധ്യക്ഷനെയും സംസ്ഥാന സംഘടന നേതാക്കളെയും തിരഞ്ഞെടുത്തതായിരുന്നു അതിന് കാരണം.
തോല്വിയെ കണക്കിലെടുക്കാതെ സംഘടന സംവിധാനത്തെ ഉടച്ചുവാര്ക്കുകയും ഒരു പരിധി വരെ സെമി കേഡര് സ്വഭാവത്തിലേക്ക് ഇക്കാലത്ത് മാറുകയും ചെയ്തു. അക്കാര്യത്തിന് പ്രസിഡന്റ് കെ സുധാകരനെ സഹായിച്ചതില് മുഖ്യപങ്ക് വഹിച്ചവരില് പ്രധാനിയാണ് കെപിസിസി ജനറല് സെക്രട്ടറി അഡ്വ: കെ ജയന്ത്. പഴയ ശീലത്തില് നിന്ന് വിഷയത്തോട് കുറച്ചു കൂടി വേഗം പ്രതികരിക്കുക എന്ന അവസ്ഥയിലേക്ക് കോണ്ഗ്രസ് മാറിയതും ജയന്തടക്കമുള്ള നേതാക്കളുടെ കാലത്താണ്.
ആധുനിക കാലത്തെ സംഘടന പ്രവര്ത്തനത്തിന്റെ വേഗവും പൊടുന്നനെയുമുള്ള ഇടപെടലും ആണ് ജയന്ത് സ്വീകരിക്കുന്നത്. ആ വേഗത്തില് പ്രവര്ത്തിക്കാന് ഉള്ള കഴിവ് തന്നെയാവാം തന്റെ സ്വന്തം മണ്ഡലമായ കണ്ണൂര് നിലനിര്ത്താന് ജയന്തിനെ മുന്നോട്ടുവെക്കാന് കെ സുധാകരനെ പ്രേരിപ്പിച്ചത്. കുറച്ചു വര്ഷങ്ങളായി പ്രവര്ത്തനത്തില് നിന്ന് വിട്ടുനിന്നിരുന്ന ജയന്തിനെ മടക്കികൊണ്ടുവന്നതും സുധാകരനായിരുന്നു. പാര്ട്ടി വീണ്ടും പരാജയപ്പെട്ട് നില്ക്കുമ്പോഴായിരുന്നു ജയന്തിന്റെ മടങ്ങിവരവ്. വിദ്യാര്ത്ഥി സംഘടന കാലത്ത് എബിവിപിയുമായി നടന്ന സംഘര്ഷത്തില് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ജയന്ത് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കാന് കഴിയുന്ന നേതാവ് എന്നൊരു ഖ്യാതി കൂടിയുണ്ട് ജയന്തിന് പാര്ട്ടിക്കകത്തും പുറത്തും. പല നേതാക്കളും ഇക്കാര്യം സോഷ്യല് മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി കണക്കുകള് പരിശോധിച്ച് ഇടപെടാനുള്ള കഴിവ് തിരഞ്ഞെടുപ്പിലും പ്രയോഗിച്ച് വിജയിച്ച് കയറാന് ജയന്തിന് കഴിയുമെന്നും സുധാകരനും പാര്ട്ടിയും കണക്ക് കൂട്ടുന്നുണ്ടാവാം.