'കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല'; ലീഗ് എംഎൽഎമാരോട് എം എം മണി

'ലീഗുകാർ ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ല'

തിരുവനന്തപുരം: നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ കമ്മ്യൂണിസ്റ്റുകാരുടെയും കോൺഗ്രസുകാരുടെയും ലീഗുകാരുടെയും അവസ്ഥ പരിതാപകരമാകുമെന്ന് മുൻമന്ത്രി എം എം മണി. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ലീഗ് എംഎൽഎമാരോട് എംഎം മണി പറഞ്ഞു. കിണറ്റിൽ കിടക്കുന്ന തവളയുടെ അവസ്ഥയാണ് പ്രതിപക്ഷ നേതാക്കൾക്കെന്നും എം എം മണി നിയമസഭയിൽ വിമർശിച്ചു.

ലീഗുകാർ ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ല. കോൺഗ്രസുകാർ അതിനുള്ള സംവിധാനം ഒരുക്കി കൊണ്ടിരിക്കുകയാണ്. ലീഗുകാരെ സമരാഗ്നിയിൽ പങ്കെടുപ്പിക്കാതിരുന്നത് ഞങ്ങൾക്കൊരു വടി തരുന്നതിന് സമാനം. കോൺഗ്രസ് ഇല്ലാതെയും ലീഗിന് ജയിക്കാൻ കഴിയും. പക്ഷേ ലീഗുകാർ ഇല്ലെങ്കിൽ കോൺഗ്രസുകാർ ജയിക്കില്ല. ലീഗുകാർ ഇപ്പോൾ ജയിക്കുന്ന സീറ്റിൽ തനിയെ നിന്നാലും ജയിക്കും. കേരളത്തിൽ കോൺഗ്രസ് വട്ടപ്പൂജ്യമാകും. കോൺഗ്രസിനെ നമ്പിയാൽ നമ്പിയവന്റെ കാര്യം പോക്കാണെന്നും എം എം മണി നിയമസഭയിൽ വ്യക്തമാക്കി.

To advertise here,contact us