'പുറത്തിറങ്ങാന് കഴിയാത്ത അവസ്ഥ'; ബേലൂര് മഖ്നയെ പിടികൂടാത്തതില് വയനാട്ടില് പ്രതിഷേധം ശക്തം

ഇന്ന് തന്നെ പിടികൂടണമെന്നാവശ്യപ്പെട്ട് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഇരുമ്പ്പാലത്തെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്

മാനന്തവാടി: ദൗത്യമാരംഭിച്ച് മൂന്ന് ദിവസമായിട്ടും, ഒരാളെ കൊലപ്പെടുത്തിയ കാട്ടാന ബേലൂര് മഖ്നയെ പിടികൂടാന് സാധിക്കാത്തതില് വയനാട്ടില് പ്രതിഷേധം ശക്തം. ജില്ലയില് കര്ഷക കൂട്ടായ്മകള് പ്രഖ്യാപിച്ച മനഃസാക്ഷി ഹര്ത്താല് പുരോഗമിക്കുകയാണ്. ഹര്ത്താല് അനുകൂലികള് കാട്ടിക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ആനയെ ഇന്ന് തന്നെ പിടികൂടണമെന്നാവശ്യപ്പെട്ട് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഇരുമ്പ് പാലത്തെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

ദൗത്യം വൈകുന്നതില് കടുത്ത അസംതൃപ്തിയിലാണ് ജനങ്ങള്. കാട്ടാനയെ പേടിച്ച് വീടിന് പുറത്തിറങ്ങാന് കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര് പറയുന്നു. ജോലിക്ക് പോകാന് പോലും കഴിയുന്നില്ല. ആനയെ വേഗത്തില് തുരത്തണമെന്നും ഇവര് ആവശ്യപ്പെടുന്നു. ജാഗ്രതാ മുന്നറിയിപ്പ് നല്കി ആളുകളെ വീട്ടില് ഇരുത്തുന്നതിലും ജനങ്ങള്ക്ക് അമര്ഷമുണ്ട്. ജോലിക്ക് പോലും പോകാതെ തങ്ങള് എങ്ങനെ കഴിയുമെന്നാണ് ഇവര് ചോദിക്കുന്നത്.

രാവിലെ തുടങ്ങിയ കര്ഷക കൂട്ടായ്മയുടെ ഹര്ത്താല് വൈകിട്ട് അഞ്ചിന് അവസാനിക്കും. കെഎസ്ആര്ടിസി ബസ് സര്വീസ് നടത്തുന്നുണ്ടെങ്കിലും ഹര്ത്താലിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് സ്വകാര്യ ബസുകള് നിരത്തിലിറങ്ങിയിട്ടില്ല. ഹര്ത്താല് അനുകൂലികള് ജില്ലയില് വിവിധയിടങ്ങളില് പ്രകടനം നടത്തി.

അതേസമയം ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങള് തുടരുകയാണ്. രാവിലെ ഇരുമ്പ്പാലത്തിന് സമീപം കണ്ടെത്തിയ കാട്ടാന മണ്ണുണ്ടി ഭാഗത്തേക്ക് നീങ്ങിയതായും വിവരമുണ്ട്. അനുകൂലമായ പ്രദേശത്ത് ആനയെത്തിയാല് ഉടന് മയക്കുവെടി വെച്ചേക്കും. ഉത്തരമേഖല സിസിഎഫ് കെഎസ് ദീപ ഉള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര് പ്രദേശത്തുണ്ട്. വനം ദ്രുത കര്മസേനയും വെറ്റിനറി സംഘവും ഉള്പ്പെടെയുള്ള ഇരുനൂറിലധികം വരുന്ന ദൗത്യസംഘമാണ് പൂര്ണസജ്ജമായി ആനക്ക് പിന്നാലെ തന്നെയുള്ളത്.

To advertise here,contact us