ആനയെ വെടിവെച്ച് കൊല്ലണം, ഡിഎഫ്ഒയെയും റെയ്ഞ്ചറെയും സസ്പെന്ഡ് ചെയ്യണം; അലക്സ് ഒഴുകയില്

ഗുരുതരമായ കൃത്യവിലോപമാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്ട്ടര് ചാനലിനോട് അലക്സ്

കല്പ്പറ്റ: വയനാട് പടമലയില് കാട്ടാനയുടെ ആക്രമണത്തില് മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവത്തില് പ്രതികരിച്ച് കിഫ ചെയര്മാന് അലക്സ് ഒഴുകയില്. ഗുരുതരമായ കൃത്യവിലോപമാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്ട്ടര് ടിവിയോട് അലക്സ് പറഞ്ഞു.

കൃത്യവിലോപം നടത്തിയ ഉത്തരവാദിത്തപെട്ടവരെ സസ്പെന്ഡ് ചെയ്യണം. മാനന്തവാടി ഡിഎഫ്ഒയെയും റെയ്ഞ്ചറെയും സസ്പെന്ഡ് ചെയ്യണമെന്നും അലക്സ് ആവശ്യപ്പെട്ടു. ഒരാന കൂടി റേഡിയോ കോളര് ഇട്ട് കര്ണാടകയില് നിന്ന് വന്നിട്ടുണ്ട്. ഞങ്ങള് അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തണ്ണീര് കൊമ്പനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് കോണ്ഫറന്സില് ഒരു സിസിഎഫ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. ഇത് പറഞ്ഞ് മൂന്ന് ദിവസം കഴിയുന്നതിന് മുമ്പ് ഒരു ജീവന് നഷ്ടപ്പെട്ടു. ഈ ആനയെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. അത് ചെയ്യാനുള്ള ആര്ജ്ജവം ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനില്ല. വനത്തിന് ഉള്ക്കൊള്ളാനാവാത്ത രീതിയില് വന്യമൃഗങ്ങള് പെരുകിയിരിക്കുന്നു. പൊതുജനത്തിന്റെ സുരക്ഷയെന്ന ഒരു വിഷയമില്ലേ..പ്രശ്നം ഉണ്ടാക്കുന്ന ആനകളെ വെടിവെച്ച് കൊന്നാല് എന്താണ് പ്രശ്നം. ഈ വര്ഷം മാത്രം അഞ്ച് പേരെ ആന കൊന്നു. ഇടുക്കിയില് മൂന്നും വയനാട്ടില് രണ്ടും. ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അലക്സ് ഒഴുകയില് പറഞ്ഞു.

അജിയുടെ മൃതദേഹം തോളിലേറ്റി നാട്ടുകാരുടെ പ്രതിഷേധം; ജനരോഷത്തില് മാനന്തവാടി

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല് അജിയാണ് കാട്ടാന ആക്രമണത്തില് മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്ണാടകയില് നിന്ന് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടില് തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില് തകര്ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

കാട്ടാനപ്പേടിയിൽ കേരളം; സംസ്ഥാനത്ത് 41 ദിവസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് പേർ

സംഭവത്തില് ശക്തമായ പ്രതിഷേധവുമായി നാട്ടുകാര് രംഗത്തുണ്ട്. മരിച്ച അജിയുടെ മൃതദേഹവും തോളിലേറ്റി നാട്ടുകാര് റോഡ് ഉപരോധിക്കുകയാണ്. മൃതദേഹം ഗാന്ധി പാര്ക്കിന് നഗര മധ്യത്തില് വെച്ച് മുദ്രാവാക്യം വിളികളുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. സംഭവസ്ഥലത്തെത്തിയ എസ്പിയെ നാട്ടുകാര് ഗോ ബാക്ക് വിളികളുമായി തടഞ്ഞിരുന്നു. എസ് പിയുടെ വാഹനം പ്രതിഷേധക്കാര് കയറ്റിവിടാത്തതിനെ തുടര്ന്ന് ആശുപത്രിയിലേക്ക് എസ് പി നടന്നുപോവുകയായിരുന്നു. മാനന്തവാടി മിന്നു മണി ജംഗ്ഷനിലാണ് എസ്പി നാരായണനെ നാട്ടുകാര് തടഞ്ഞത്. മാനന്തവാടി വള്ളിയൂര്ക്കാവ് റോഡില് ജില്ലാ കലക്ടറെയും പ്രതിഷേധക്കാര് തടഞ്ഞു.

To advertise here,contact us