ദുരിതത്തിന് ആശ്വാസം; രാജ്യറാണി എക്സ്പ്രസിന് കൊച്ചുവേളി-തിരുവനന്തപുരം കണക്ഷന് ട്രെയിന്

തിരിച്ചുള്ള രാത്രി യാത്രയിലും ഇതേ സംവിധാനം ഏർപ്പെടുത്തും

തിരുവനന്തപുരം: നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് ഇനി കൊച്ചുവേളിയിൽ ദുരിതമനുഭവിക്കേണ്ട. നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ്സ് കൊച്ചുവേളിയിൽ എത്തുമ്പോൾ തിരുവനന്തപുരം സെൻട്രലിലേക്ക് കണക്ഷൻ വണ്ടി എന്നോണം മറ്റൊരു പാസഞ്ചർ ട്രെയിൻ കൂടി റെയിൽവേ അനുവദിച്ചു. 06428/ 06433 നാഗർകോവിൽ -തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് വണ്ടികൾ മാർച്ച് 1 മുതൽ കൊച്ചുവേളി വരെ നീട്ടി റെയിൽവേ ഉത്തരവായി.

നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ കാൻസർ രോഗികൾ ഉൾപ്പെടെ നേരിടുന്ന യാത്രാദുരിതം പി വി അബ്ദുൽ വഹാബ് എം പി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ കൊച്ചുവേളിയിൽ എത്തുന്ന കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർ വലിയ തുക നൽകിയാണ് ടാക്സി വിളിച്ച് തിരുവനന്തപുരത്തേക്ക് പോയിരുന്നത്.

ഈ ദുരിതത്തിന് ഇതോടെ അറുതി വരും. തിരിച്ചുള്ള രാത്രി യാത്രയിലും ഇതേ സംവിധാനം ഏർപ്പെടുത്തും. ഏറെ കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെട്ടതെന്നും ഇത് നിലമ്പൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണെന്നും പി വി അബ്ദുൽ വഹാബ് എം പി പറഞ്ഞു.

To advertise here,contact us