Reporter Breaking: മുഖ്യമന്ത്രിയുടെ പുതിയ സംവാദ പരിപാടി; പണം കണ്ടെത്താൻ പ്രയാസപ്പെട്ട് വകുപ്പുകൾ

ബജറ്റിൽ വിഹിതമുള്ള പദ്ധതിയല്ലാത്തതിനാൽ തന്നെ പണം എങ്ങനെ കണ്ടെത്തുമെന്നാണ് വകുപ്പുകളെ കുഴയ്ക്കുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ സംവാദ പരിപാടിക്ക് പണം കണ്ടെത്താൻ പ്രയാസപ്പെട്ട് വകുപ്പുകൾ. നവകേരള കാഴ്ചപ്പാട് പരിപാടിയാണ് വകുപ്പുകൾക്ക് ബാധ്യതയാകുന്നത്. ഓരോ പരിപാടിക്കും ശരാശരി 20 ലക്ഷം രൂപവരെ ചെലവാകും എന്നതാണ് വകുപ്പുകളെ കുഴയ്ക്കുന്നത്. ബജറ്റിൽ വിഹിതമുള്ള പദ്ധതിയല്ലാത്തതിനാൽ തന്നെ പണം എങ്ങനെ കണ്ടെത്തുമെന്നാണ് വകുപ്പുകളെ കുഴയ്ക്കുന്നത്.

വലിയ ഓഡിറ്റോറിയങ്ങളിൽ പരിപാടി സംഘടിപ്പിക്കണം. 2000 ആളുകളെ പങ്കെടുപ്പിക്കണം പങ്കെടുക്കുന്നവർക്ക് യാത്രാ സൗകര്യവും, ഭക്ഷണവും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനെല്ലാം വകുപ്പുകൾ പുതുതായി പണം കണ്ടെത്തേണ്ടി വരുമെന്നതാണ് വെല്ലുവിളിയാകുന്നത്. പദ്ധതി നിർവഹണത്തിന് പണം ഇല്ലാതെ പ്രയാസപ്പെടുമ്പോഴാണ് പുതിയ ചെലവിനായി പണം കണ്ടെത്തേണ്ടി വരുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പരിപാടി മാറ്റിവെയ്ക്കാമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ മാറ്റി വെയ്ക്കേണ്ടി വന്നാൽ പരിപാടിക്കായി വാഹനവും ഭക്ഷണവും ബുക്ക് ചെയ്യാൻ നൽകിയ പണം നഷ്ടമാകുമെന്നും വകുപ്പുകൾക്ക് ആശങ്കയുണ്ട്. കൃഷി, സാമൂഹ്യ നീതി തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകളും നവകേരള കാഴ്ചപ്പാട് സംഘടിപ്പിക്കണം എന്നാണ് ഉത്തരവ്.

To advertise here,contact us