കെഎസ്ഇബി ജീവനക്കാർ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചതായി പരാതി

ചൂലൂർ ജുമാ മസ്ജിദിന് എതിർ വശത്തെ സ്ഥലത്ത് കുലച്ച ആറു വാഴകളാണ് ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിമാറ്റിയത്

തൃശ്ശൂര്: എടത്തിരുത്തി ചൂലൂരിൽ കെഎസ്ഇബി ജീവനക്കാർ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ചതായി പരാതി. ചൂലൂർ ജുമാ മസ്ജിദിന് എതിർ വശത്തെ സ്ഥലത്ത് കുലച്ച ആറു വാഴകളാണ് ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിമാറ്റിയത്. തൊഴുത്തും പറമ്പിൽ സന്തോഷും സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്ത വാഴകളാണ് വെട്ടിനശിപ്പിച്ചത്.

വൈദ്യുതി ലൈനിലെ ടച്ചിങ്ങ് വെട്ടാനെത്തിയ വലപ്പാട് കെഎസ്ഇബി സെക്ഷനിലെ കരാറു ജോലിക്കാരാണ് വാഴകൾ വെട്ടിയത്.  വാഴ കൃഷി നടത്തുന്ന സ്ഥലത്തേക്ക് മതിൽ ചാടിയെത്തിയാണ് ലൈനിന് താഴത്തെ വാഴകൾ വെട്ടി നശിപിച്ചതെന്ന് സന്തോഷ് പറഞ്ഞു. പത്ത് വർഷത്തോളമായി ഈ സ്ഥലത്ത് കൂടി പോകുന്ന ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.

രണ്ട് വർഷം മുമ്പാണ് സന്തോഷും സുഹൃത്തുക്കളും ചേർന്ന് കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി വാഴകൃഷി തുടങ്ങിയത്. പത്ത് മാസം മുമ്പ് നട്ട ഇപ്പോൾ കുലച്ചു നിൽക്കുന്ന വാഴകളാണ് വെട്ടി നശിപ്പിച്ചത്. കൃഷി മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പരാതി നൽകുമെന്ന് കർഷകർ പറഞ്ഞു. അതേസമയം ലൈനിലേക്ക് മുട്ടി നിൽക്കുന്ന ഭാഗമാണ് വെട്ടി ഒഴിവാക്കിയതെന്നും കെഎസ്ഇബി അധികൃതർ വിശദീകരിച്ചു.

To advertise here,contact us