ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ വ്യാജ നിയമനം; യൂണിയൻ നേതാക്കൾ ജോലിയിൽ തുടരുന്നു, പ്രമോഷനും

വ്യാജരേഖ ചമച്ച് അനർഹമായി ജോലി നേടിയെന്ന് വിജിലൻസ് കണ്ടെത്തിയ 22 പേരിൽ 3 പേരാണ് ഇപ്പോഴും ജോലിയില് തുടരുന്നത്

കൊച്ചി: കേന്ദ്ര-കേരള പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ വ്യാജ രേഖ ചമച്ച് ജോലിയിൽ പ്രവേശിക്കുകയും പ്രൊമോഷൻ നേടുകയും ചെയ്ത മൂന്ന് ഇടതുതൊഴിലാളി സംഘടനാ നേതാക്കളെ ഇതുവരെ പിരിച്ചുവിട്ടില്ല. ഇവർക്കൊപ്പം വ്യാജ രേഖ ചമച്ച് ജോലി നേടിയ 19 പേരെ ആറുവർഷം മുമ്പ് കമ്പനിയിൽ നിന്ന് പുറത്താക്കിയിട്ടും ഇപ്പോഴും അനധികൃതമായി ജോലിയിൽ തുടരുകയാണിവർ. വ്യാജരേഖ ചമച്ച് അനർഹമായി ജോലി നേടിയെന്ന് വിജിലൻസ് കണ്ടെത്തിയ 22 പേരിൽ 3 പേരാണ് ഇപ്പോഴും ജോലിയില് തുടരുന്നത്.

കൃഷി വകുപ്പിന് കീഴിലെ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ വർക്കർ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത പത്താംക്ലാസ്സ് ജയിക്കരുത് എന്നതാണ്. എന്നാൽ രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് വ്യാജ രേഖകൾ ഹാജരാക്കി നിരവധി പേർ ഓയിൽ പാമിൽ ജോലി നേടി. ബിരുദം നേടിയവർ വരെ ഇക്കൂട്ടത്തിലുണ്ടെന്ന പരാതി ഉയർന്നതോടെയാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് 22 പേർ യോഗ്യത കുറച്ചുകാണിക്കാൻ വ്യാജരേഖ ചമയച്ച് ഓയിൽ പാമിൽ ജോലിക്ക് കയറി എന്ന് കണ്ടെത്തിയത്.

വിജിലന്സ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് 2017 ൽ ആദ്യം ഒമ്പത് പേരെയും പിന്നീട് 10 പേരെയും പുറത്താക്കി. അപ്പോഴും വ്യാജ രേഖ ചമച്ച എഐടിയുസി നേതാക്കളും സിഐടിയു നേതാവുമായ മൂന്ന് പേർക്കെതിരെ പുറത്താക്കല് നടപടി എടുത്തിരുന്നില്ല. അടുത്ത വർഷം ഈ മൂന്ന് പേർക്ക് വർക്കർ തസ്തികയിൽ നിന്ന് പ്രൊമോഷനും കൊടുത്തു. പ്രമോഷന് അർഹതയുള്ള മറ്റ് തൊഴിലാളികളെ പരിഗണിക്കാതെയായിരുന്നു മൂവർക്കും സ്ഥാനക്കയറ്റം നല്കിയത്. ഇതിനെതിരെ പ്രൊമോഷന് അർഹതയുണ്ടാവർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ അന്വേഷണം മൂന്ന് വർഷം നീട്ടിക്കൊണ്ടുപോയി. മൂന്ന് പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഇവർക്കെതിരെ നടപടി എടുക്കാതെ മാപ്പുനൽകി ജോലിയിൽ തുടരാൻ അനുവദിക്കുകയാണ് ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയ്തത് . ഓയിൽ പാമിലെ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടെങ്കിലും 14 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി പിന്നണിയിൽ നടക്കുന്ന വിവരം റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനിടയിലാണ് രാഷ്ട്രീയ സ്വാധീനത്തിൽ മൂന്ന് പേരെ മാത്രം ഓയിൽ പാം സംരക്ഷിക്കുന്നു എന്ന വിവരവും പുറത്താകുന്നത്.

To advertise here,contact us