കൊച്ചി: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ കാറിലിട്ട് കത്തിച്ച് അപ്രത്യക്ഷനായിട്ട് ഇന്ന് 40 വർഷം. സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടോ, എങ്കിൽ എവിടെ, എങ്ങനെ രക്ഷപ്പെട്ടു തുടങ്ങിയ ചർച്ചകൾ ഇവിടെ ഇന്നും തുടരുന്നു. പക്ഷേ ഈ ചർച്ചകളും ഊഹാപോഹങ്ങളുമെല്ലാം ഇടയ്ക്കിടെ ഉയരുമ്പോൾ ഒരു കുടുംബത്തിന്റെ വേദനയുടെ ഓർമയാണത്. ആലപ്പുഴ പുന്നമടയിലെ വീട്ടിൽ ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും വിശ്വസിക്കുന്നത് സുകുമാരക്കുറുപ്പ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന് തന്നെയാണ്. പക്ഷേ വീണ്ടും ചാക്കോയുടെ മരണം ചർച്ച ചെയ്യപ്പെടുന്നത് അവരെ അലോസരപ്പെടുത്തുന്നുണ്ടെന്ന് ജിതിൻ റിപ്പോർട്ടറിനോട് പറയുന്നു.
'40 വർഷമായി ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങൾ തന്നെയാണ് ഇത്. ആളുകളോട് അതേപ്പറ്റി വീണ്ടും വിശദീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. ഇത്രയും വർഷമായിട്ടും കേസിൽ ഒരു തീരുമാനമായിട്ടില്ല. ഇനി തീരുമാനമാകുമെന്നും തോന്നുന്നില്ല. സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിടികൂടിയാലല്ലേ മറ്റ് നിയമ നടപടികൾ ഉണ്ടാകൂ. പക്ഷേ ഞങ്ങൾക്ക് ഒന്ന് ഉറപ്പാണ്. സുകുമാരക്കുറുപ്പ് ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നു'.
'അമ്മയും ഞാനും എല്ലാം മറക്കാൻ ശ്രമിക്കുകയാണ്. ഞാൻ ജനിക്കും മുമ്പ് നടന്ന സംഭവമാണ്. പക്ഷേ അമ്മ പൊലീസ് സ്റ്റേഷനുകളിലും ക്രൈ ബ്രാഞ്ച് ഓഫീസുകളിലും എന്നെയും കൂട്ടി കയറിയിറങ്ങിയ കാലം ഇന്നും ഓർമയിലുണ്ട്. ഇത്ര കാലമായിട്ടും നടപടിയില്ല എന്നത് വേദനിപ്പിക്കുന്നത് തന്നെയാണ്. അയാളെങ്ങനെ രക്ഷപ്പെട്ടു എന്ന് ആർക്കും അറിയില്ല എന്ന് പറയുന്നു. അത് കണ്ടെത്താൻ ഇത്ര കാലതാമസം വരുമ്പോൾ അതിന് പിന്നിൽ ആരെങ്കിലുമുണ്ടോ എന്ന് സംശയമുണ്ട്'.
'കുറുപ്പ് സിനിമ ഇറങ്ങും മുമ്പ് വലിയ തരത്തിലുള്ള ആശങ്ക ഉണ്ടായിരുന്നു. അയാളെ നല്ലതാക്കിയാണോ ചിത്രീകരിക്കുന്നത് എന്ന് സംശയിച്ചു. പക്ഷേ സിനിമ ഞങ്ങളെ കാണിച്ചതിന് ശേഷമാണ് പ്രദർശനത്തിന് എത്തിച്ചത്. വലിയ കുഴപ്പം തോന്നിയില്ല. പക്ഷേ ആ സിനിമ ഇറങ്ങിയതോടെ വീണ്ടും ഇതെല്ലാം ചർച്ചയായി. അത് ഞങ്ങൾക്ക് ബുദ്ധിമുട്ടായി. അച്ഛനില്ലാതെ വളർന്ന ഒരു കുട്ടിയുടെ ബുദ്ധിമുട്ട് അറിയാമല്ലോ'. ജിതിന്റെ വാക്കുകൾ ഇങ്ങനെ. ആലപ്പുഴയിൽ ഹോണ്ട ഷോറൂമിൽ സെയിൽസ് വിഭാഗത്തിൽ ജോലി നോക്കുകയാണ് ജിതിൻ ഇപ്പോൾ.
'പരീക്ഷകളെ നേരിടാൻ മനക്കരുത്ത്'; പ്രധാനമന്ത്രി നടത്തുന്ന പരീക്ഷാ പേ ചർച്ച നയിക്കാൻ കോഴിക്കോടുകാരി
8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984 ജനുവരി 22 ന് സുകുമാരക്കുറുപ്പ് ആസുത്രണം ചെയ്ത് നടത്തിയ കൊലപാതകമായിരുന്നു. ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയെ തന്റെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി. കുറുപ്പുമായുള്ള രൂപസാദൃശ്യമാണ് ചാക്കോയിലേക്ക് എത്തിച്ചത്. താനാണ് കൊല്ലപ്പെട്ടതെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം. ഇങ്ങനെ ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്ന് കരുതിയെന്ന് പൊലീസ് കണ്ടെത്തി. ബന്ധുവായ ഭാസ്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, സുഹൃത്ത് ഷാഹു എന്നിവരായിരുന്നു മറ്റ് പ്രതികൾ. ഇവരെയെല്ലാം അറസ്റ്റ് ചെയ്തെങ്കിലും കുറുപ്പിനെ മാത്രം പിടികൂടാനായില്ല. പലയിടത്ത് നിന്ന് പലരും കുറുപ്പിന്റെ സാദൃശ്യമുള്ള ആളുകളെ കണ്ടെന്ന് പൊലീസിനെ അറിയിച്ചെങ്കിലും തിരച്ചിൽ ഫലം കണ്ടില്ല.