തിരുവനന്തപുരം: ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സ്ത്രീകളോട് മാപ്പുപറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തൃശൂരിൽ സ്ത്രീകളെ വിളിച്ചു കൂട്ടിപ്പറഞ്ഞത് കല്ലുവച്ച നുണയാണെന്നും നരേന്ദ്ര മോദിക്കും ആ പാർട്ടിക്കും സ്ത്രീകളെ വെറുപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നു പറഞ്ഞ ടി എൻ പ്രതാപനെ ബിനോയ് വിശ്വം പരിഹസിച്ചു. പരാജയം ഉറപ്പായ സുഹൃത്തിന്റെ ജൽപനമാണ് ടി എൻ പ്രതാപന്റേതെന്ന് പറഞ്ഞ അദ്ദേഹം തൃശൂരിൽ എൽഡിഎഫ് വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. യഥാസമയത്ത് തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി വരും. ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. ഗുജറാത്ത് സർക്കാർ അധികാരദുർവിനിയോഗം നടത്തിയെന്നും പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും കോടതി പറഞ്ഞു.
ഈ വിധിയിലൂടെ നീതി കിട്ടുന്നത് ബിൽക്കിസ് ബാനുവിന് മാത്രമല്ല, ഇന്ത്യൻ സ്ത്രീ സമൂഹത്തിന്: കെ കെ ശൈലജ
സുപ്രീം കോടതി വിധിയോടെ 11 പ്രതികളും വീണ്ടും ജയിലിലേയ്ക്ക് മടങ്ങും. സാമൂഹ്യാവസ്ഥ എത്ര പിന്നാക്കമായാലും ഏത് വിശ്വാസം പിന്തുടര്ന്നാലും സ്ത്രീ ബഹുമാനം അർഹിക്കുന്നു. ശിക്ഷാവിധിയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സംശയരഹിതമായി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.