ഷഹാനയുടെ ആത്മഹത്യ; തിരുവല്ലം പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി മഹിളാ കോൺഗ്രസ്

'പെൺകുട്ടികളുടെ ജീവനെടുക്കുന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം'

തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് രംഗത്ത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

പെൺകുട്ടികളുടെ ജീവനെടുക്കുന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം എന്നാണ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയ ബിന്ദു കൃഷ്ണ പിണറായിയുടെ പൊലീസ് പുറം തിരിഞ്ഞ് നിക്കുകയാണെന്നും ആരോപിച്ചു. അവർ പ്രതികൾക്ക് രക്ഷപെടാൻ വഴി ഒരുക്കുന്ന തത്രപ്പാടിലാണ്. പ്രദേശത്തെ മാർക്സിസ്റ്റുകാരാണ് പ്രതി സ്ഥാനത്ത് എന്നാണ് പറയുന്നത് . പ്രതികൾ മാർക്സിസ്റ്റുകാർ ആണെങ്കിൽ ഒന്നും നോക്കാൻ ഇല്ല. സ്ത്രീ പീഡന കേസിൽ പ്രതി ചേർത്താൽ സിപിഐ എമ്മിൽ സ്ഥാനക്കയറ്റം ഉറപ്പാണെന്നും ബിന്ദു കൃഷ്ണ പരിഹസിച്ചു. വിഷയത്തിൽ ഇതുവരെ വനിതാ കമ്മീഷൻ ഇടപ്പെട്ടിട്ടില്ലെന്നും സഖാക്കളുടെ പീഡനകേസ് ഒത്തുതീർപ്പാക്കുന്നതിന്റെ തിരക്കിൽ ആയിരിക്കാമെന്നും ബിന്ദു കൃഷ്ണണ പറഞ്ഞു. വനിതാ കമ്മീഷൻ പിരിച്ചു വിടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ കേസിൽ പൊലീസ് നേരത്തെ ഗാർഹിക പീഡന വകുപ്പ് ചേർത്തിരുന്നു. നൗഫലും മാതാവും രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഷഹാനയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. ഷഹാനയുടെ ആത്മഹത്യാ വിവരം അറിഞ്ഞ ഉടനെ ഒന്നര വയസ്സുള്ള കുഞ്ഞിനെ തിരിച്ച് ഏൽപ്പിക്കാൻ ഏർപ്പാട് ചെയ്ത് നൗഫലും മാതാവും ഒളിവിൽ പോകുകയായിരുന്നു. കാട്ടാക്കടയിലെ വീട്ടിൽ നിന്ന് കടയ്ക്കലിലെ ബന്ധുവീട്ടിലേക്കാണ് ഇരുവരും പോയത്. അവിടെ വാഹനവും ഫോണും ഉപേക്ഷിച്ച് പൊലീസ് എത്തും മുൻപ് കടന്നുകളയുകയായിരുന്നു. ഉപക്ഷിച്ച കാറും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കടക്കലുള്ള നൗഫലിന്റെ സഹോദരൻറെ ഭാര്യയുടെ വീട്ടിൽ നിന്നാണ് വാഹനവും ഫോണും കണ്ടെടുത്തത്.

നൗഫലിന്റെ സഹോദരൻറെ ഭാര്യയുടെ കുടുംബമാണ് ഒളിവിൽ പോകാൻ സഹായം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഫോണുകൾ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ടാണ് ഷഹാനയെ സ്വന്തം വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടത്. ഭര്തൃവീട്ടിലെ പ്രശ്നങ്ങളെ തുടര്ന്ന് മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടില് കഴിയുകയായിരുന്നു. ചൊവ്വാഴ്ച സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭര്ത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്, നേരിട്ട് ക്ഷണിക്കാത്തതിനാല് ഷഹാന പോകാന് തയ്യാറായില്ല. തുടര്ന്ന് കുഞ്ഞിനെയുമെടുത്ത് ഭര്ത്താവ് വീട്ടില്നിന്ന് പോയി. ഇതോടെ മുറിക്കുള്ളില് കയറി വാതിലടച്ച ഷഹാനയെ പിന്നീട് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.

To advertise here,contact us