തിരുവനന്തപുരം: തിരുവല്ലത്ത് 22കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ മരിച്ച ഷഹനയുടെ ബന്ധുക്കൾ. ഷഹനയുടെ മൃതദേഹവുമായി ബന്ധുക്കൾ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഷഹ്നയുടെ മരണത്തിന് കാരണം ഭർതൃവീട്ടിലെ പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചാണ് ഇവരുടെ പ്രതിഷേധം.
കഴിഞ്ഞ മൂന്ന് മാസമായി ഷഹന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഭർതൃവീട്ടിൽ നിരന്തരം ഷഹന ശാരീരികോപദ്രവം ഏറ്റിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പലവട്ടം ഷഹനയെ മാനസികമായി പീഡിപ്പിക്കുന്നതിനൊപ്പം നൗഫലിന്റെ മാതാവ് ശാരീരകമായി ഉപദ്രവിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളുടെ ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അതിക്രമങ്ങൾ കൂടിവന്നതോടെ ഷഹനയെ മാതാപിതാക്കൾ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ഭർത്താവിന്റെ പീഡനം, ഭർതൃമാതാവിന്റെ ഉപദ്രവം; ഷഹനയുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത് തിരുവല്ലം പൊലീസ്
കഴിഞ്ഞ ദിവസം നൗഫൽ വീട്ടിലെത്തി ഷഹനയെ തിരികെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. നൗഫലിന്റെ സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് കൂട്ടിക്കൊണ്ടു പോകാൻ വന്നത്. എന്നാൽ ഷഹന പോകാന് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് നൗഫൽ ബലം പ്രയോഗിച്ച് ഒന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷഹന മുറി അടച്ച് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു.
ഷഹനയുടെ അത്മഹത്യയിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടി. ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. പീഡനക്കേസുകളിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സതീദേവി പറഞ്ഞു.