'മാറി നിക്കെടാ സംഘി'; സെനറ്റ് അംഗങ്ങളെ കടത്തിവിടാതെ എസ്എഫ്ഐ; പൊലീസ് ബലപ്രയോഗം, അറസ്റ്റ്

സംഘപരിവാര് ബന്ധമുള്ള അംഗങ്ങളെ അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് നോമിനേറ്റ് ചെയ്ത അംഗങ്ങളെ എസ്എഫ്ഐ പ്രവര്ത്തകര് തടഞ്ഞതോടെ സംഘര്ഷം. അംഗങ്ങളെ യോഗം നടക്കുന്ന ഹാളിലേക്ക് കടത്തിവിടില്ലെന്ന് തീരുമാനത്തില് എസ്എഫ്ഐ ഉറച്ച് നിന്നതോടെ പ്രവര്ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഗവര്ണര് ശുപാര്ശ ചെയ്ത ഒമ്പത് പേര് ആര്എസ്എസ് അനുകൂലികള് ആണെന്നാണ് എസ്എഫ്ഐ ഉള്പ്പെടെയുള്ള ഇടത് സംഘടനകളുടെ ആരോപണം.

സെനറ്റ് ഹാളിന്റെ പുറത്ത് എസ്എഫ്ഐ പ്രവര്ത്തകര് കുത്തിയിരുന്ന മുദ്രാവാക്യം വിളിച്ചു. സെനറ്റ് ഓഫീസിന്റെ രണ്ട് കവാടങ്ങളിലുമായി അമ്പതിലധികം വരുന്ന പ്രവര്ത്തകരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ നീക്കിയാല് മാത്രമേ പുറത്ത് നില്ക്കുന്ന അംഗങ്ങള്ക്ക് യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കാനാകൂ. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്ത്തകര് പൊലീസിനെതിരെ കടുത്ത പ്രതിരോധമാണ് തീര്ത്തത്. സംഘപരിവാര് ബന്ധമുള്ള അംഗങ്ങളെ അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. അതേസമയം എംഎസ്എഫ് ഉള്പ്പെടെയുള്ള മറ്റ് സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ അകത്തേക്ക് കടത്തിവിട്ടിട്ടുണ്ട്. അഞ്ച് മിനിറ്റ് സമയം തരും. പിരിഞ്ഞുപോയില്ലെങ്കില് ബലം പ്രയോഗിക്കും. അല്ലെങ്കില് അറസ്റ്റിന് കീഴടങ്ങും എന്നാണ് പൊലീസ് സ്വീകരിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രതിഷേധം; സെനറ്റ് അംഗങ്ങളെ തടഞ്ഞു

'മാറി നിക്കെടാ സംഘി. ആര്എസ്എസുകാരെ ഉള്ളിലേക്ക് കടത്തി വിടില്ല' എന്ന് പറഞ്ഞാണ് തങ്ങളെ പ്രവര്ത്തകരെ തടഞ്ഞതെന്ന് ഒരു സെനറ്റ് അംഗം റിപ്പോര്ട്ടര് ടിവിയോട് പ്രതികരിച്ചു. തന്നെ സെനറ്റ് അംഗമായിട്ടാണ് നോമിനേറ്റ് ചെയ്തത് രാഷ്ട്രീയക്കാരനായിട്ടല്ലെന്നും പ്രതികരിച്ചു. ഗവര്ണര് നോമിനേറ്റ് ചെയ്ത 18അംഗങ്ങള് പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് യൂണിവേഴ്സിറ്റിയില് ചേരുന്നത്.

To advertise here,contact us