യുവാവിന്റെ മൃതദേഹം മാറ്റാനനുവദിക്കാതെ പ്രദേശവാസികള്; കടുവയെ ഉടന് പിടികൂടണമെന്ന് ആവശ്യം

കളക്ടര് സ്ഥലത്തെത്തി തീരുമാനമാകാതെ മൃതദേഹം മാറ്റാന് അനുവദിക്കില്ലെന്നാണ് നാട്ടുകാര് പറയുന്നത്.

സുല്ത്താന് ബത്തേരി: വയനാട്ടില് കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം മാറ്റാനനുവദിക്കാതെ പ്രദേശവാസികള്. കടുവയെ ഉടന് പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം. കളക്ടര് സ്ഥലത്തെത്തി തീരുമാനമാകാതെ മൃതദേഹം മാറ്റാന് അനുവദിക്കില്ലെന്നാണ് നാട്ടുകാര് പറയുന്നത്.

വാകേരി കൂടല്ലൂര് മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില് പ്രജീഷ് (36) ആണ് മരിച്ചത്. ബന്ധുക്കള് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്ന്ന് ബന്ധുക്കള് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

കടുവയുടെ സാന്നിധ്യം കണ്ടതിനെത്തുടര്ന്ന് പ്രദേശത്തെ ജനങ്ങള് നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തോട്ടം തൊഴിലാളികളും ക്ഷീരകര്ഷകരും കൂടുതലായുള്ള പ്രദേശത്ത് നിരവധി പേര് കടുവയെ നേരില്ക്കണ്ടിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇവര് കടുവയെ പിടികൂടാന് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ് ഈ ദാരുണസംഭവം ഉണ്ടായിരിക്കുന്നത്.

To advertise here,contact us