അധ്വാനിക്കുന്ന തൊഴിലാളികൾക്കും പാവപ്പെട്ടവനും വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച നേതാവ്; എംവി ഗോവിന്ദൻ

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കാനം രാജേന്ദ്രന്റെ മരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. കൊച്ചി അമൃത ആശുപത്രിയിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു. രോഗ വിവരങ്ങളൊക്കെ അന്വേഷിച്ചു. തന്നോട് വളരെ ആവേശത്തോട് കൂടിയാണ് സംസാരിച്ചത്. മുറിവ് എല്ലാം ഉണങ്ങിവരുകയാണെന്നും നല്ല വ്യത്യാസം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ വേഗം തന്നെ ആശുപത്രി വിടാനാകും. പൊതുപ്രവർത്തന രംഗത്തേക്ക് തിരിച്ചുവരാൻ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ തന്നോട് പറഞ്ഞതായും എംവി ഗോവിന്ദൻ ഓർമ്മിച്ചു.

വ്യാഴാഴ്ച അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോഴും പറഞ്ഞത് മുറിവ് ഉണങ്ങി ഉഷാറായിട്ടുണ്ട് എന്നാണ്. വളരെ വേഗം ആശുപത്രി വിടാനാകും എന്ന പ്രതീക്ഷയാണ് മകനും പങ്കുവച്ചത്. വളരെ നടുക്കത്തോടെയാണ് ഈ വാർത്ത കേട്ടത്. കാനം രാജേന്ദ്രന്റെ സ്മരണക്ക് മുമ്പിൽ ആദരാജ്ഞലി അർപ്പിക്കുകയാണ്. ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി പാവപ്പെട്ടവന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊണ്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായത്. ഇടതുപക്ഷ മുന്നണി എന്ന രീതിയിൽ പ്രവർത്തിക്കുമ്പോഴും സിപിഐഎമ്മും സിപിഐയും വളരെ ഐക്യത്തോടുകൂടിയാണ് ഈ കാലമത്രയും മുന്നോട്ട് പോയതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

'കാനം രാജേന്ദ്രന് പകരക്കാരനില്ല'; അവധിക്കുള്ള അപേക്ഷ സിപിഐ എക്സിക്യൂട്ടീവ് പരിഗണിച്ചില്ല

വളരെ ശരിയായ ദിശാബോധത്തോട് കൂടി സിപിഐയേയും സിപിഐഎമ്മിനേയും യോജിപ്പിച്ച് മുമ്പോട്ടു കൊണ്ടുപോകുന്നതിൽ ശ്രദ്ധേയ നേതൃത്വമായിട്ടാണ് കാനം രാജേന്ദ്രൻ നിലകൊണ്ടത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനത്തിനോടൊപ്പം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനം സജീവമാക്കിയപ്പോഴാണ് ഈ വിയോഗം. കേരളത്തിലെ ഇടതുപക്ഷ മുന്നണിക്ക് ഇത് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖത്തിലായ കുടുംബത്തോടും സിപിഐയുടെ എല്ലാ പ്രവർത്തകരോടുമുളള അനുശോചനം അറിയിക്കുന്നു. എല്ലാവരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദൻ അറിയിച്ചു.

കാനം രാജേന്ദ്രൻ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ (73) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

To advertise here,contact us