'സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ നൽകിയാൽ അത് തീക്കളിയാകും'; ഗവർണർക്കെതിരെ എം വി ഗോവിന്ദൻ

കേരളത്തിലെ ജനങ്ങളോട് ഗവർണറുടെ ഭീഷണി വേണ്ടെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ അടിയന്തര റിപ്പോര്ട്ട് തേടിയ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സിപിഐഎം. കേരളത്തിന്റെ ഭരണത്തിൽ ഇടപെടാൻ ശ്രമിച്ചാൽ സർവ്വ ശക്തിയും ഉപയോഗിച്ച് എതിർക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥ ശുപാർശ ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് ഭരണഘടനയിൽ പറയുന്നതായി വാർത്തകൾ കണ്ടു. 360-ാം വകുപ് പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ നൽകാൻ തീരുമാനിച്ചാൽ അത് തീ കളിയാകും. സാമ്പത്തിക പ്രതിസന്ധി ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

ഇന്ത്യയിൽ ഇതുവരെ ഒരിടത്തും ഉണ്ടാകാത്ത കാര്യമാണിത്. ഇത് ഉപയോഗിച്ച് കളയും എന്നാണ് ഗവർണറുടെ ഭീഷണി. അത് നടക്കാൻ പോകുന്നില്ല. കേരളത്തിലെ ജനങ്ങളോട് ഗവർണറുടെ ഭീഷണി വേണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട് ആശയ വിനിമയം നടത്തിയ ആളാണ് ഗവർണർ. യോഗ്യതയില്ലാത്തവരെ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തു. കേരള സർവകലാശാലയിൽ നോമിനേറ്റ് ചെയ്ത 17 പേരിൽ 15 സജീവ ആർഎസ്എസ് പ്രവർത്തകരാണ്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയെ വരെ നോമിനേറ്റ് ചെയ്തു. വിചിത്രമായ സംഭവമാണിത്. ഗവർണറിൽ നിന്ന് ഇനിയും സംഘ പരിവാർ അജണ്ടയുണ്ടാകും. രാജ് ഭവന് മുന്നിൽ സമരം പിന്നീട് ആലോചിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

സിഎംആര്എല് -എക്സാലോജിക് കരാർ: മുഖ്യമന്ത്രി അടക്കം 12 പേരെ കക്ഷിചേർത്ത് നോട്ടീസ് അയക്കാൻ ഹൈക്കോടതി

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിന് എതിരെ നിരവധി പരാതികളാണ് ഉയർന്നത്. അരവിന്ദിനെ തള്ളി പറയാൻ പോലും കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല. യൂത്ത് കോൺഗ്രസ് അടിമുടി ജീർണതയുടെ പ്രതീകമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിഎംആര്എല് -എക്സാലോജിക് കരാറില് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന് ഹര്ജിയിലെ ഹൈക്കോടതി നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. അതിനെ തങ്ങൾ ഭയപ്പെടുന്നില്ല. അതിനെയെല്ലാം നേരിട്ട് മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,contact us