കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് മറ്റന്നാൾ നടക്കുന്ന നവകേരള സദസ്സിന്റെ സമയത്തിൽ മാറ്റം. ഞായറാഴ്ച ആദ്യ സദസ്സ് പെരുമ്പാവൂരിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. ഉച്ചവരെ നവകേരള സദസ്സ് ഇല്ല. പ്രഭാതയോഗവും വാർത്താ സമ്മേളനവും ഉണ്ടാകില്ല. രാവിലെ പതിനൊന്ന് മണിക്ക് കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങ് നടക്കുന്നതിനാലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.
മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, ചിഞ്ചുറാണി, കെ രാജൻ എന്നിവർ കാനം രാജേന്ദ്രന്റെ സംസ്കാരം കഴിയുന്നത് വരെ നവകേരള സദസ്സിൽ പങ്കെടുക്കില്ല. സംസ്കാരം വരെ മന്ത്രിമാർ മൃതദേഹത്തിനൊപ്പം ഉണ്ടാകും. ജി ആർ അനിലും ചിഞ്ചുറാണിയും തിരുവനന്തപുരത്തേക്ക് തിരിച്ചു. പി പ്രസാദ്, കെ രാജൻ എന്നീ മന്ത്രിമാർ നാളെ കാനത്തിന്റെ മൃതദേഹത്തിനൊപ്പം തിരുവനന്തപുരത്തേക്ക് പോകും. ഹെലികോപ്റ്റർ മാർഗമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കുക.
'ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവ്'; നഷ്ടമായത് വർഷങ്ങളായുള്ള സുഹൃത്തിനെയെന്ന് ഡി രാജ
അതേസമയം നാളെ നടക്കുന്ന നവകേരള സദസ്സിന് മാറ്റമില്ല. നാളെ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിൽ നവകേരള സദസ്സ് നടക്കും. ഇന്ന് അങ്കമാലി, ആലുവ, പറവൂര് എന്നിവിടങ്ങളിലായിരുന്നു നവകേരള സദസ്സ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ് തുടങ്ങിയ മന്ത്രിമാരും കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം കാണാനായി കൊച്ചി അമൃത ആശുപത്രിയിലേക്ക് എത്തിച്ചേർന്നിരുന്നു.
കാനമില്ലാതെ വാഴൂര് ഇല്ലായിരുന്നു, പക്ഷേ വാഴൂര് ഇല്ലാതെയും കാനമുണ്ടായിരുന്നു!
തിരുവനന്തപുരത്ത് എത്തിക്കുന്ന കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. വാഴൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.
ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. 73 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്ന കാനം രാജേന്ദ്രൻ ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധി എടുത്തിരുന്നു. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.