ആലുവ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. പറവൂരിലെ തമ്പുരാൻ സ്വപ്നം കാണുന്ന കസേര സ്വപ്നം മാത്രമായിരിക്കും. കേരളത്തിലെ ഏറ്റവും മോശം മണ്ഡലം പറവൂരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മോശം ആശുപത്രി പറവൂരിലാണ്. സതീശന്റെ മണ്ഡലം കാട് മൂടി കിടക്കുകയാണ്. വി ഡി സതീശൻ സമ്പൂർണ്ണ പരാജയമാണെന്നും നവകേരള സദസ്സിന്റെ വേദിയിൽ സജി ചെറിയാൻ പറഞ്ഞു.
സതീശന്റെ വിചാരം അയാൾ മാത്രമാണ് ബുദ്ധിമാനെന്നാണ്. അയാൾക്ക് മാത്രമല്ല പ്രാസം ഒപ്പിച്ചു പ്രസംഗിക്കാൻ അറിയാവുന്നത്. സതീശൻ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചിരിക്കുകയാണെന്ന് സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസിന് രക്തസാക്ഷിയെ വേണമെങ്കിൽ 23 ആം തീയതി കഴിഞ്ഞ് ആലോചിക്കൂ. രക്തസാക്ഷി വേണമെങ്കിൽ നമുക്ക് ആലോചിക്കാം. നവകേരളയുടെ വണ്ടിയുടെ മുന്നിൽ ചാടരുത്. സൈഡിൽ നിന്ന് കരിങ്കൊടി കാണിച്ചോളൂവെന്ന് സജി ചെറിയാൻ പറഞ്ഞു.
'കോൺഗ്രസ് ഷവർമ പോലെ ആയിത്തീരും'; പരിഹസിച്ച് വി എൻ വാസവൻ
ആലുവയിൽ വികസനം കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാർ ആണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വികസനത്തിന് തലപ്പടം വെച്ച ആലുവ എംഎൽഎ അറിയാൻ, പണം സർക്കാരിന്റേതാണ് എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി എൻ വാസവനും വേദിയിൽ കോൺഗ്രസിനെ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച കോൺഗ്രസ് നേതാവ് രാജി വെക്കാൻ പോകുന്നു. എന്താണ് കോൺഗ്രസിന്റെ അവസ്ഥ. കോൺഗ്രസ് ഷവർമ പോലെ ആയിത്തീരാൻ പോവുന്നു. ഒടുവിൽ ഷവർമയുടെ കമ്പിക്ക് സമാനമായി കോൺഗ്രസ് തീരും. കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ല എന്ന തോന്നൽ നേതാക്കൾക്ക് വരുന്നുവെന്ന് വി എൻ വാസവൻ പറഞ്ഞു.