കൊച്ചി: കലൂരിൽ ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മയേയും സുഹൃത്തിനേയും ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കൊലപാതകം, ജുവനയിൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള കേസ് അടക്കമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശി അശ്വതിയും കണ്ണൂർ സ്വദേശി സുഹൃത്തായ ഷാനിഫും ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. ഷാനിഫ് കുഞ്ഞിനെ കൽമുട്ടുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഡിസംബർ ഒന്നാം തീയതിയാണ് ഇരുവരും കറുകപളളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അശ്വതിയും ഷാനിഫും ഒരുമിച്ച് കഴിയാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും പരിചയപ്പെട്ട സമയം അശ്വതി ഗർഭിണിയായിരുന്നു. മരിച്ചാൽ കുട്ടി നീല നിറമാകുമോ എന്ന് ഷാനിഫ് ഗൂഗിൾ സെർച്ച് ചെയ്തു. അശ്വതി മുമ്പ് നിയമപ്രകാരം വിവാഹിതയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിനെ കൊന്നതുതന്നെ; 'കാൽമുട്ട് കൊണ്ട് തലയ്ക്കിടിച്ചു'; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്
ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം തലയോട്ടിയിലുണ്ടായ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഇതേ തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായതിനെ തുടർന്നാണ് കുട്ടിയുടേത് കൊലപാതകമാണെന്ന സംശയമുണ്ടാകുന്നത്.
ഭാവിയിൽ കുഞ്ഞ് ബാധ്യതയാകുമോ എന്ന് ആശങ്കപ്പെട്ടാണ് കുഞ്ഞിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് മൂന്നു മണിക്കൂറിനു ശേഷമാണ് പ്രതികൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ഡെന്റൽ കാസ്റ്റിംഗ് അടക്കമുള്ള ശാസ്ത്രയീയ പരിശോധന നടത്തുന്നതായും പൊലീസ് അറിയിച്ചു.