സിപിഐ മുന്നണി വിട്ടാൽ എൽഡിഎഫ് വട്ടപ്പൂജ്യം; ആട്ടിൻകാട്ടം തലയിലുള്ള നേതാക്കൾ ഓർമിക്കണം: സിപിഐ നേതാവ്

സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് എസ് ബുഹാരി

കൊല്ലം: സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ്. സിപിഐയുടെ ഔദാര്യമാണ് സിപിഐഎമ്മിന്റെ മന്ത്രിയും മുഖ്യമന്ത്രിയും എന്ന് സിപിഐ കടയ്ക്കൽ മണ്ഡലം പ്രസിഡന്റ് എസ് ബുഹാരി പറഞ്ഞു. കൊല്ലം കടയ്ക്കലിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ സിപിഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐയുടെ കൂടി വോട്ടുകൊണ്ടാണ് ഇവർ മന്ത്രിമാരായത്. സിപിഐ മുന്നണിയിൽ നിന്ന് പോയാൽ വട്ടപ്പൂജ്യം ആയിരിക്കും എൽഡിഎഫ്. ആ ഓർമ ആട്ടിൻകാട്ടം തലയിൽ ഉള്ള നേതാക്കൾ മനസിലാക്കണമെന്നും ബുഹാരി വിമർശിച്ചു. ഇങ്ങനെ പോയാൽ കേരളത്തിലും വട്ടപ്പൂജ്യം ആകാൻ അധിക സമയം വേണ്ട.

സിപിഐ പ്രവർത്തകർക്ക് നേരെ ഇനിയും അക്രമം ഉണ്ടായാൽ തിരിച്ചടിക്കുമെന്നും എസ് ബുഹാരി കൂട്ടിച്ചേർത്തു. കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന യോഗത്തിലെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം സിപിഐ-സിപിഐഎം ജില്ലാ സെക്രട്ടറിമാർ നടത്തിയ രഹസ്യയോഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായതായി പ്രവർത്തകർ അറിയിച്ചു.

To advertise here,contact us