ന്യൂഡൽഹി: കേരളത്തിൻ്റെ വായ്പ പരിധി ഉയർത്താൻ നിബന്ധനകളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന നിലപാടുമായി നിർമ്മല സീതാരാമൻ. ലോക്സസഭയില് എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വായ്പ പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തോട് അനുകൂല സമീപനമല്ല കേന്ദ്രത്തിനെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ നൽകിയ മറുപടി.
പൊതു വിപണിക്ക് പുറമെ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വായ്പ സർക്കാരിന് ആവശ്യപ്രകാരം എടുക്കാമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. കേരളത്തിന്റെ വായ്പാ പരിധി വര്ദ്ധിപ്പിക്കാൻ രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില് ഇളവു വരുത്താന് കഴിയില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രി വ്യക്തമാക്കി.
ധനകാര്യ കമ്മീഷന്റെ മാര്ഗ്ഗനിര്ദ്ദേശങ്ങള് കണക്കിലെടുത്ത് പൊതുമാനദണ്ഡപ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്ക്കും വായ്പാപരിധി നിശ്ചയിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വര്ഷത്തിലെ കേരളത്തിന്റെ മൊത്ത വായ്പാ പരിധി 47,762.58 കോടി രൂപയാണ്. അതില് 29,136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില് നിന്നുമാണ് വായ്പാ പരിധിയാണ്. പൊതു വിപണിയില് നിന്നും 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ അനുമതി നല്കി. മറ്റ് സ്രോതസ്സുകളില് നിന്നുളള വായ്പ സംസ്ഥാന സര്ക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നും നിർമ്മല സീതാരാമൻ സഭയെ അറിയിച്ചു.
ഇതിനിടെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ രണ്ടാംഗഡു റിലീസിനുള്ള അപേക്ഷ സംസ്ഥാനത്തുനിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അൻപുർണ ദേവി ലോക്സഭയെ അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ആദ്യഗഡു 108.33 കോടി രൂപ പൂർണമായും കേരളത്തിന് നൽകിയെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
അതേസമയം കേരളത്തിന് ലഭിക്കാനുള്ള കേന്ദ്ര വിഹിതം 5352 കോടി എത്രയും വേഗം ലഭ്യമാക്കണമെന്ന് സന്തോഷ് കുമാർ എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.