പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസ്; ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

അതീവ രഹസ്യമായാണ് ഗോവയിൽ നിന്ന് പ്രതിയെ പേട്ട സ്റ്റേഷനിൽ എത്തിച്ചത്

തിരുവനന്തപുരം: പാറ്റൂരിലെ ഗൂണ്ടാ ആക്രമണ കേസിൽ ഒളിവിൽ പോയ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ തലസ്ഥാനത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഗോവയിൽ നിന്ന് ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഗോവയിൽ നിന്ന് ഡിസംബർ രണ്ടിനാണ് അന്വേഷണ സംഘത്തിന്റെ വലയിൽ തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ടാ നേതാവ് അകപ്പെടുന്നത്. അതീവ രഹസ്യമായാണ് ഗോവയിൽ നിന്ന് പ്രതിയെ പേട്ട സ്റ്റേഷനിൽ എത്തിച്ചത്.

ഈ വർഷം ജനുവരി ഒമ്പതിന് കൺസ്ട്രക്ഷൻ കമ്പനി ഉടമയായ നിധിനെയും സുഹൃത്തുക്കളെയും കാർ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചുവെന്നാണ് കേസ്. പേട്ടാ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള പാറ്റൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു ആക്രമണം. 11 മാസം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഷാഡോ പൊലീസാണ് പിടികൂടിയത്.

സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഗുണ്ടാ നേതാവിനെ കുറിച്ച് ഒരു തുമ്പും കിട്ടാത്തതിനാൽ പൊലീസിന് ലുക്കൗട്ട് നോട്ടീസ് ഇറക്കേണ്ടി വന്നിരുന്നു. പിന്നീട് പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പടെ മരവിപ്പിച്ചു. കേസിൽ എട്ടാം പ്രതിയാണ് ഓം പ്രാകാശ്. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷയ്ക്ക് ശേഷം ഓം പ്രകാശ് വീണ്ടും ആക്രമണത്തിനിറങ്ങുകയായിരുന്നു.

To advertise here,contact us