നവകേരള സദസ്സ് തൃശൂരില്; വടക്കാഞ്ചേരിയില് കരിങ്കൊടി പ്രതിഷേധം, അറസ്റ്റ്

നവകേരള സദസ്സിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സദസ്സ് ഇന്ന് വൈകിട്ട് ചാലക്കുടിയിൽ നടക്കും

തൃശൂർ: ജില്ലയിലെ നവകേരള സദസ്സിന് തുടക്കമായി. ആദ്യ ദിനം നാല് മണ്ഡലങ്ങളിലാണ് സദസ്സ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും വിവിധയിടങ്ങളിൽ നടക്കുന്നുണ്ട്.

ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്. രാവിലെ മുളങ്കുന്നത്തുകാവ് കിലയിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടന്നു. ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടു.

നവകേരള സദസ്സ്: പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയായി നാളെ തൃശൂരിൽ

അതേസമയം വടക്കാഞ്ചേരിയിൽ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിഎൻ വൈശാഖ്, കൗൺസിലർ സന്ധ്യ കൊടകാടത്, മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി സജിത്ത് അഹമ്മദ് എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്.

നവകേരള സദസ്: തൃശ്ശൂരിലെ 2 വേദികളിൽ മാറ്റം; മൃഗശാല പരിസരത്തെയും സുവോളജിക്കൽ പാർക്കിലെയും വേദികൾ മാറും

പലയിടങ്ങളിലായി മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ചേലക്കര വാഴക്കോടും വിയ്യൂരും പ്രതിഷേധമുണ്ടായി. നവകേരള സദസ്സിനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സദസ്സ് ഇന്ന് വൈകിട്ട് ചാലക്കുടിയിൽ നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

To advertise here,contact us