കൊല്ലം ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടി നൽകിയ വിവരങ്ങളനുസരിച്ച് പൊലീസ് തയ്യാറാക്കിയ പ്രതികളുടെ രേഖാചിത്രങ്ങളിലൊന്ന് എത്ര കൃത്യമായി എന്ന് അത്ഭുതപ്പെടുകയാണ് കേരളം. ഇന്ന് പിടിയിലായ മുഖ്യപ്രതി പത്മകുമാറിന്റെ ഫോട്ടോ പുറത്തുവന്നതോടെയാണ് രേഖാചിത്രം അത്രയധികം കൃത്യമായിരുന്നു എന്ന് ജനം മനസിലാക്കിയത്. അബിഗേലിന്റെ മനസിലുണ്ടായിരുന്ന ചിത്രം കൃത്യമായി പകർത്തിയത് ആർട്ടിസ്റ്റ് ആർ ബി ഷജിത്തും പങ്കാളിയുമാണ്. ചാത്തന്നൂർ സ്വദേശി പത്മകുമാറിന്റെ ഫോട്ടോ പുറത്തുവന്നതോടെ ഷജിത്തിന് സോഷ്യൽ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ്. ഇത്രയും കൃത്യമായി എങ്ങനെ വരച്ചു?
ഷജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞത് ഇങ്ങനെ...
കേസ് ഒരു വഴിത്തിരിവിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം, മോളുമായി സംസാരിച്ചിരുന്ന് വരയ്ക്കുന്ന സമയം ആളെക്കുറിച്ച് അബിഗേലിന് നല്ല ഓർമ്മയുണ്ടായിരുന്നു. മുഖത്തിന്റെ ഓരോ ഭാഗങ്ങളും വരയ്ക്കുമ്പോഴും മോളോട് ചോദിച്ചാണ് ചെയ്തത്. ആ സമയത്ത് ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു ഇതുതന്നെയാണ് എന്ന്. ആറ് വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയാണല്ലോ, അതുകൊണ്ട് സംസാരിച്ചും മോളെ കളിപ്പിച്ചുമൊക്കെയാണ് ഒരോ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കാരണം ആ സമയം കുട്ടിയെ പല ചിത്രങ്ങളും കാണിക്കുന്നുണ്ടായിരുന്നു. പക്ഷേ മോൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു, ആള് ഇതുതന്നെയാണ്...
രേഖാചിത്രവും യഥാർത്ഥ രൂപവും ഒരുപോലെ; പത്മകുമാറിന്റെ കാര്യത്തിൽ കേരളാ പൊലീസിന് തെറ്റിയില്ല!
ഒരു വലിയ കേസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഇന്നലെയായിരുന്നു വിക്ടോറിയ ഹോസ്പിറ്റലിൽ വെച്ച് വരയ്ക്കുന്നത്. ആദ്യ രണ്ട് ചിത്രം വരച്ചപ്പോഴേ മോൾ നല്ല ഹാപ്പിയായി. അബിഗേലിന്റെ സംസാരത്തിൽ നിന്ന് പറയുന്ന അടയാളങ്ങളെ കുറിച്ച് ബോധ്യമുള്ളതായി തോന്നിയിരുന്നു. കളി പറഞ്ഞും സംസാരിച്ചുമൊക്കെ പറയിപ്പിച്ചു.
നമ്മളെടുക്കുന്ന റിസ്കും വലുതാണല്ലോ. അതുകൊണ്ട് കഴിവതും എഫർട്ട് എടുത്താണ് രേഖാചിത്രം വരച്ചത്. അത് കേരള പൊലീസിന് സഹായമായതിൽ വളരെയധികം സന്തോഷമുണ്ട്. ആദ്യമായാണ് രേഖാചിത്രം വരയ്ക്കുന്നത്. കുട്ടിയെ കാണാതായ അന്ന് രാത്രി 12 മണിക്ക് എസിപി പ്രതീപ് കുമാർ സാർ വിളിക്കുകയായിരുന്നു. അന്ന് മറ്റ് സോഴ്സ് ഒന്നും ഉണ്ടായിരുന്നില്ല.
'തിങ്കളാഴ്ച വരുമെന്ന് പറഞ്ഞു, ബുധനാഴ്ച പട്ടികളെ കൊണ്ടുവന്നു'; പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരി
പാരിപ്പള്ളിയിലുള്ള കച്ചവടക്കാരിയായ സ്ത്രീ പറഞ്ഞതനുസരിച്ചാണ് ആദ്യം ചിത്രം വരയ്ക്കുന്നത്. അത് നാല് -അഞ്ച് മണിക്കൂറെങ്കിലും എടുത്തു വരച്ച് തീർക്കാൻ. ഒരുപാട് മാറ്റി വരച്ചാണ് അവസാനം ഒരു ചിത്രത്തിലെത്തിയത്. എന്നാൽ അബിഗേൽ പറഞ്ഞ അടയാളങ്ങളും ആദ്യം വരച്ചതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടായിരുന്നു. കാരണം, അബിഗേൽ കൂടുതൽ സമയവും അവരോടൊപ്പമായിരുന്നല്ലോ. ആദ്യം അവർക്ക് മാസ്ക് ഉണ്ടായിരുന്നു. കുട്ടി മാത്രമാണ് അവരെ മാസ്ക് ഇല്ലാതെ കണ്ടിട്ടുള്ളത്.
സ്വന്തം മോളെ പോലെയാണ് ഞങ്ങളും ഇടപെട്ടത്. കാരണം, മോളെ അസ്വസ്തതപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും ചോദിക്കാനും കഴിയില്ല. അബിഗേൽ നല്ലരീതിയിലാണ് ഞങ്ങളോടൊപ്പം അവസാനം വരെയും നിന്നത്.