ആലപ്പുഴ: തലവടിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛനും അമ്മയും തൂങ്ങി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ സുനു സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കൾ ആദി, അതുൽ എന്നിവരെ കൊലപ്പെടുത്തിയായിരുന്നു ഇരുവരും ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് വരികയാണ്. സൗമ്യക്ക് അർബുദരോഗം സ്ഥിരീകരിച്ചതും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. തലവടി പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തുകയാണ്.
ഇന്ന് രാവിലെയാണ് സുനുവും സൌമ്യയും വീടിന് പുറത്തുവരാത്തത് കണ്ട് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ ആദിയും അതുലും ഹാളിൽ മരിച്ച നിലയിലിൽ കിടക്കുകയായിരുന്നു. ഇതോടെ വാതിൽ തകർത്ത് നാട്ടുകാർ അകത്തുകയറി. ഉടൻ പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ നിന്നാണ് സൌമ്യക്ക് അർബുദ രോഗം കണ്ടെത്തിയെന്നതും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതും വ്യക്തമായത്. ഗൾഫിൽ നേഴ്സായി ജോലി ചെയ്യുകയാണ് സൌമ്യ. കഴിഞ്ഞ രണ്ട് മാസം മുമ്പ് തിരിച്ചുപോകുന്നതിനായി മെഡിക്കൽ എടുത്തപ്പോൾ സംശയം തോന്നി. പിന്നീട് നടത്തിയ വിശദ വൈദ്യ പരിശോധനയിൽ അർബുദമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)