ഞാൻ നടത്തിയ പോരാട്ടം വിജയം കണ്ടതിൽ അഭിമാനം; ആർ ബിന്ദു രാജിവയ്ക്കണം: രമേശ് ചെന്നിത്തല

'ഇനിയീ വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ല'

കൊച്ചി: കണ്ണൂർ വി സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ പറഞ്ഞകാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പ്രതികരിച്ചു. ഇനിയീ വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ല. രാജിവെച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകൾ

'ഈ വിഷയം ആദ്യമായി ഉന്നയിച്ചത് ഞാനാണ്. അന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് പുറത്തുവിട്ടിരുന്നു. ഞാൻ ലോകായുക്തയിൽപോയി, സർക്കാരിന്റെ ഏജന്റ് ആയതുകൊണ്ട് അവരതു തള്ളി. അന്ന് ആര് ബിന്ദു പറഞ്ഞു എനിക്ക് പ്രതിപക്ഷ നേതാവാകാൻ കഴിയാത്തതിലുള്ള ജാള്യതകൊണ്ടാണത് പറയുന്നതെന്ന്. അതുകഴിഞ്ഞ് ഹൈക്കോടതിയിൽ പോയി. എനിക്കവിടെയും നീതികിട്ടിയില്ല. ഇപ്പോൾ സുപ്രീംകോടതിയിൽ പോയപ്പോൾ നീതികിട്ടിയെന്നതിലെനിക്ക് സന്തോഷമുണ്ട്. ചട്ടവിരുദ്ധമായി, നിയമ വിരുദ്ധമായി ഒരു വൈസ് ചാൻസലറെ തുടരാനനുവദിച്ച നടപടി, പ്രൊ വൈസ് ചാന്സലർ എന്നനിലയിൽ ചാൻസലർക്ക് കത്തയച്ചെന്ന മന്ത്രിയുടെ നടപടി എന്നിവയെല്ലാം തെറ്റാണെന്നിപ്പോൾ സുപ്രീംകോടതി തെളിയിച്ചിരിക്കുന്നു.

കണ്ണൂർ വി സി പുറത്ത്; പുനർനിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി, സര്ക്കാരിന് രൂക്ഷ വിമര്ശനം

ഞാനാദ്യം പറഞ്ഞകാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞതിലെനിക്ക് സന്തോഷമുണ്ട്. ഇനിയീ വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ല. രാജിവച്ചുപോണം. ഞാൻ നടത്തിയ പോരാട്ടത്തിൽ വിജയം കണ്ടതിലെനിക്ക് അഭിമാനമുണ്ട്. ഇതെന്താണീ നാട്ടിൽ നടക്കുന്നത്? അവർ സ്വജനപക്ഷപാതം നടത്തിയിരിക്കുകയല്ലേ? രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി അത് ശരിവച്ചിരിക്കുന്നു. ഇനിയെങ്ങനെ അവർക്ക് മന്ത്രിയായി തുടരാൻ പറ്റും?'

വി സി നിയമനത്തിൽ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സർക്കാരിനെതിരെ ഇക്കാര്യത്തിൽ ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.

To advertise here,contact us