'ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്ന്നതല്ല, വേലിയേറ്റ മുന്നറിയിപ്പില് അഴിച്ചുമാറ്റിയത്':പിഎ മുഹമ്മദ് റിയാസ്

ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില് അസംബന്ധ പ്രചാരണങ്ങള് നടത്തരുതെന്നും മന്ത്രി

തൃശ്ശൂര്: ചാവക്കാട് ബ്ലാങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്ന്നതല്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേലിയേറ്റ മുന്നറിയിപ്പിനെ തുടര്ന്ന് അഴിച്ചുമാറ്റിയതാണെന്ന് മന്ത്രി വിശദീകരിച്ചു. മലപ്പുറത്ത് നവ കേരള സദസ്സില് സംസാരിക്കവെയാണ് വിശദീകരണം. വ്യക്തിപരമായി എങ്ങനെ വേണമെങ്കിലും അക്രമിച്ചോളൂ. പുഞ്ചിരിച്ചുകൊണ്ട് മുന്പോട്ട് പോകും. എന്നാല് ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില് അസംബന്ധ പ്രചാരണങ്ങള് നടത്തരുതെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികളുടെ രഹസ്യയോഗം; നിഷേധിച്ച് തിരുവഞ്ചൂർ

മന്ത്രിയുടെ വാക്കുകള്

വ്യക്തിപരമായി വരുന്ന ആക്ഷേപങ്ങള്ക്ക് ഞാന് മറുപടി പറയാറില്ല. ഒരു നാടിന്റെ ടൂറിസം മേഖലയെ ബാധിക്കുന്ന ഒരു കാര്യം പറയാം. തൃശൂര് ജില്ലയിലെ ചാവക്കാട് ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്ന്നതുമായി ബന്ധപ്പെട്ടാണ് ഇന്ന് ഒരു ദിനപത്രത്തിലെ കാര്ട്ടൂണ്. തീരദേശ മേഖലയിലേക്ക് സഞ്ചാരികള് കൂടുതല് ആകര്ഷിക്കപ്പെടുന്നതിനായി കടലിലൂടെ നടക്കാന് ഒരുക്കിയ സംവിധാനമാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ്.

എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടി വിദഗ്ധരുമായി ആലോചിച്ച് തയ്യാറാക്കിയതാണിത്. ഇന്ഷുറന്സും ഉണ്ട്. ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്ന്ന വാർത്ത വന്നശേഷം ചാവപ്പാട് എംഎല്എയുമായി സംസാരിച്ചിരുന്നു. വേലിയേറ്റ സമയത്ത് അത് പെട്ടെന്ന് അഴിച്ചുമാറ്റുവാനും പിന്നീട് കൂട്ടിയോജിപ്പിക്കാനും കഴിയുന്ന രീതിയിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. തൃശ്ശൂര് ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോള് തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. അത് കണ്ട ചിലര് വീഡിയോ എടുക്കുകയും വാര്ത്തായാക്കുകയുമായിരുന്നു. ഇത് നമ്മുടെ നാടിന് ഗുണമല്ല.

To advertise here,contact us