കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസ്സുകാരി അബിഗെൽ സാറയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂട്ടായ ശ്രമം ഫലം കണ്ടെന്ന് എഡിജിപി എം ആർ അജിത് കുമാർ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എഡിജിപി.
'കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടിയെന്നത് സന്തോഷകരം. പൊലീസ് കോൺസ്റ്റബിൾ തൊട്ട് എസ്പി, ഡിഐജി വരെ ഉറങ്ങാതെ ഇതിന് പിന്നാലെ തന്നെയായിരുന്നു. കൊല്ലം, തിരുവനന്തപുരം ഭാഗം വിട്ട് പുറത്ത് പോകാൻ സാധ്യത ഇല്ലെന്ന് ഉറപ്പായിരുന്നു. നാട്ടുകാരും മാധ്യമങ്ങളും കാണിച്ച ശുഷ്കാന്തിയും അഭിനന്ദനീയം. വേറൊരു വഴിയുമില്ലാതെ തട്ടിക്കൊണ്ടുപോയവർ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഓരോ മണിക്കൂറും ഇടപെട്ട് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും സംഭവത്തിൽ ഇടപെട്ടിരുന്നു'.
'വെള്ള കളർ സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്മച്ചിക്ക് കൊടുക്ക് എന്ന് പറഞ്ഞ് ഒരു പേപ്പർ കാണിച്ചാണ് കാർ നിർത്തിയത്. സഹോദരനെ അടിച്ച് വീഴ്ത്തിയിട്ടാണ് പെൺകുട്ടിയുമായി കടന്നത്. ഒരു വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ഭക്ഷണം വാങ്ങി നൽകി. ഫോണും ലാപ്ടോപും കാണിച്ച് കുട്ടിയെ കരയാതെ പിടിച്ച് നിർത്തി. കുട്ടിക്ക് വേറെ പരിക്ക് ഒന്നുമില്ല എന്നത് വലിയ ആശ്വാസം. എന്നാലും കുട്ടി ഷോക്കിലാണ്, സാധാരണ നിലയിലേക്ക് എത്താൻ കുറച്ച് സമയമെടുക്കും. പ്രതികളെ പിടികൂടാനുള്ള ശ്രമം നടക്കുന്നു. രേഖാചിത്രം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്'. എം ആർ അജിത്കുമാറിന്റെ വാക്കുകൾ ഇങ്ങനെ.
അബിഗേലിനെ ഇന്ന് വീട്ടിൽ കൊണ്ടുവരില്ല; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും
കുട്ടിയെ തട്ടിക്കൊണ്ട് പോയവർക്കായി ഊർജിതമായ തിരച്ചിൽ തുടരുകയാണ്. 21 മണിക്കൂറുകൾക്ക് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നതായാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.