കൊല്ലം: ഓയൂരിൽ 6 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതിവേഗ അന്വേഷണം നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 'കൊല്ലം ഓയൂർ എന്ന സ്ഥലത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അതിവേഗ അന്വേഷണം നടക്കുകയാണ്. എല്ലാവിധ ജാഗ്രതയും പുലർത്താൻ വേണ്ട നിർദേശം നൽകിയിട്ടുണ്ട്'. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസ് വാഹന പരിശോധന വ്യാപകമാക്കി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വാഹന പരിശോധന. എല്ലാ സ്റ്റേഷനുകളിലേക്കും കുട്ടിയുടെ ചിത്രവും വിവരങ്ങളും കൈമാറിയിട്ടുണ്ട്.
കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന ആൺകുട്ടിയെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. വെള്ള നിറത്തിലുള്ള കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്.
ഒന്നാം ക്ലാസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി
കുട്ടിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്. കാറിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് പറയുന്നു. വൈകീട്ട് 4.20-ഓടെയാണ് സംഭവം. സഹോദരന്റെ നിലവിളി കേട്ടാണ് വിവരം അറിയുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ കാർ കുറച്ച് ദിവസമായി പരിസരത്ത് ഉണ്ടായിരുന്നു. കാറിൽ ഒരു സ്ത്രീയടക്കം നാല് പേര് ഉണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം ട്യൂഷന് പോകവേയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നഴ്സുമാരാണ്.