'അവരിനി മടങ്ങി വരില്ലല്ലോ...'; വിതുമ്പലടക്കാനാവാതെ കുസാറ്റിലെ വിദ്യാര്ത്ഥികള്

പ്രിയകൂട്ടുകാരെ അവസാനമായി കാണാൻ ആയിരങ്ങൾ

കൊച്ചി: പ്രിയ കൂട്ടുകാരുടെ ചേതനയറ്റ ശരീരം കാമ്പസിലെത്തിച്ചപ്പോൾ ആർക്കും കരച്ചിലടക്കാനായില്ല. ചുറ്റിലും വിതുമ്പലുകൾ മാത്രം. ഇനിയീ മൂന്നുപേരും കുസാറ്റിലേക്ക് മടങ്ങിയെത്തില്ലല്ലോ... കഴിഞ്ഞ ദിവസം ഈ സമയം ചിരിച്ചും കളിച്ചും കാമ്പസിനുള്ളിൽ ഓടിനടന്നവരാണ് ഒറ്റ രാത്രികൊണ്ട് വിടപറഞ്ഞുപോയത്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയുമടക്കം നീണ്ട ക്യൂവാണ് കുസാറ്റ് കാമ്പസിലുള്ളത്, ഹൃദയം നുറുങ്ങുന്ന വേദനയോടെ.

മൃതദേഹത്തിനു തൊട്ടടുത്ത് തേങ്ങലോടെ മൂവരുടെയും വീട്ടുകാരുണ്ട്. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുന്നവരുണ്ട്. ജീവിതത്തിൽ ഇനിയുമേറെ ദൂരം താണ്ടാനിരുന്നവർ, ഇന്നലെവരെ ഒപ്പമുണ്ടായിരുന്നവർ...ഇവർക്കായി കണ്ണീർപ്രണാമമർപ്പിക്കുകയാണ് കാമ്പസ്.

കണ്ണീര്ക്കടലായി കുസാറ്റ്; പ്രിയപ്പെട്ടവര്ക്ക് അന്ത്യാഞ്ജലിയേകി സഹപാഠികള്

കഴിഞ്ഞ ദിവസമാണ് കുസാറ്റില് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായത്. നാലുപേരാണ് മരിച്ചത്. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ഇവരുടെ ഭൗതികശരീരങ്ങളാണ് ക്യാമ്പസില് പൊതുദര്ശനത്തിന് വച്ചിട്ടുള്ളത്.

കുസാറ്റ് ദുരന്തം; മൂന്ന് പേരുടെ നില ഗുരുതരം

പാലക്കാട് സ്വദേശി ആല്വിൻ ജോസഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മുണ്ടൂരിൽ വൈകിട്ടോടെ സംസ്കാരം നടക്കും. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിൽ രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. മറ്റൊരാൾ കളമശേരി മെഡിക്കൽ കോളേജ് ഐസിയുവിലാണ് ഉള്ളത്.

To advertise here,contact us