കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് പുതിയ സമൻസ് നൽകാൻ ഇഡിക്ക് ഹൈക്കോടതിയുടെ അനുമതി

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റേതാണ് ഇടക്കാല ഉത്തരവ്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് പുതിയ സമൻസ് നൽകാൻ ഇഡിക്ക് ഹൈക്കോടതിയുടെ അനുമതി.മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസകിനും കിഫ്ബിക്കും സമൻസ് നൽകാമെന്നാണ് ഹൈക്കോടതിയുടെ പുതിയ ഇടക്കാല ഉത്തരവ്. അന്വേഷണവുമായി മുന്നോട്ട് പോകാൻ നേരത്തെ ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു. തോമസ് ഐസക്കിന് സമൻസ് അയയ്ക്കരുതെന്ന മുൻ ഉത്തരവ് പരിഷ്കരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി.

വ്യക്തിപരമായ വിവരങ്ങൾ ചോദിച്ച് നൽകിയ സമൻസ് പിൻവലിക്കാം എന്നും പുതിയ സമൻസ് നൽകാം എന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ കോടതിയെ അറിയിച്ചിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിൽ ആണ് സമൻസ് നൽകുന്നത് തടഞ്ഞ മുൻ ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചത്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ ഹാജരാകണം എന്നാവശ്യപ്പെട്ട് ടിഎം തോമസ് ഐസകിനും കിഫ്ബിക്കും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പുതിയ സമൻസ് നൽകും.

നേരത്തെ കിഫ്ബി മസാലബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർക്ക് ഇഡി അയച്ച തുടർസമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. തുടർ സമൻസിൽ ഇഡി വ്യക്തിപരമായ കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നൽകിയ ഹർജിയിലായിരുന്നു സമൻസ് അയക്കുന്നത് കോടതി മരവിപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരാക്ഷേപപത്രം (NOC) നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആർബിഐ കോടയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു. നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നൽകിയ ഹർജിയിൽ ഹർജിയിലായിരുന്നു ആർബിഐ സത്യവാങ്മൂലം സമർപ്പിച്ചത്.

To advertise here,contact us