'കണ്ണൂരിൽ വിമാന ടിക്കറ്റ് നിരക്ക് കൂടിയതിന് കാരണം കേന്ദ്രസർക്കാർ'; വിമർശിച്ച് മുഖ്യമന്ത്രി

കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും കേന്ദ്ര സർക്കാർ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകുന്നില്ല. വിമാനങ്ങൾ ഇല്ലാതായതോടെ കണ്ണൂരിൽ വിമാന ടിക്കറ്റ് നിരക്ക് കൂടി.

കൊയിലാണ്ടി: പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളി വിമാനക്കൂലി വർധിപ്പിക്കലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനക്കൂലി കരിപ്പൂർ വിമാനത്താവളത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്തു. 95 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവഴിച്ചു. ഒക്ടോബറിൽ ഭൂമി കൈമാറി. പക്ഷേ റൺവേ വികസനത്തിനായി ടെൻണ്ടർ നടപടി വൈകുന്നു. നടപടി വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും കേന്ദ്ര സർക്കാർ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകുന്നില്ല. വിമാനങ്ങൾ ഇല്ലാതായതോടെ കണ്ണൂരിൽ വിമാന ടിക്കറ്റ് നിരക്ക് കൂടി. ഈ വിഷയത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ എം പിമാരോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. കൊയിലാണ്ടിയിൽ നവകേരള സദസിനോട് അനുബന്ധിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള സദസിനായി എല്ലാ കേന്ദ്രങ്ങളിലും റെക്കോർഡ് ഭേദിക്കുന്ന ജനക്കൂട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിന് പണം അനുവദിച്ച പറവൂർ നഗരസഭ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിലും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതീക്ഷയ്ക്ക് വിപരീതമായ തീരുമാനമാണ് ഫണ്ട് നൽകുക എന്നത്. അതിനുള്ള നടപടി ക്രമം പൂർത്തീകരിച്ചു. സെക്രട്ടറിയെ പണം കൊടുക്കരുതെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നാണ് മനസ്സിലായത്. ഭീഷണിപ്പെടുത്തിയത് വി ഡി സതീശനാണെന്നാണ് അറിഞ്ഞത്. ആര്യാടൻ ഷൗക്കത്തിനെതിരായ കോൺഗ്രസ് നടപടി ശരിയായ സന്ദേശമല്ല.

'നവകേരള സദസ് വൻ പരാജയം'; തിരഞ്ഞെടുപ്പ് കണ്ടു കൊണ്ടുള്ള രാഷ്ട്രീയ കളിയെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ പ്രശ്നം പരിഹരിക്കും. ഹർഷിനയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുകയാണ്. കൊയിലാണ്ടി മണ്ഡലത്തിലാണ് രാവിലെ പരിപാടി. ഉച്ചയ്ക്കുശേഷം ബാലുശേരി, എലത്തൂർ മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിലെ നവ കേരള സദസ്സ് വൈകുന്നേരം കോഴിക്കോട് ബീച്ചിലാണ് നടക്കുന്നത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നിന്ന് ഇന്നലെ 14,852 പരാതികൾ ലഭിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി ഇതുവരെ 76,537 പരാതികളാണ് ലഭിച്ചത്. നവംബർ 18-നാണ് നവ കേരള സദസിന് തുടക്കമായത്. കാസർകോട് വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സദസ് 36 ദിവസം കൊണ്ട് 140 മണ്ഡലങ്ങളിലൂടെ യാത്ര നടത്തും.

To advertise here,contact us